ആദിവാസി പുനരധിവാസം: ശാശ്വത പരിഹാരം തേടി ആദിവാസി-ദലിത് സംഘടനകൾ
text_fieldsകേളകം: ആറളം ഫാം ഉൾപ്പെടെ ആദിവാസി പുനരധിവാസ മേഖലകളിലെ അതിജീവന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തേടി ആദിവാസി-ദലിത് സംഘടന നേതാക്കൾ ചീഫ് സെക്രട്ടറിക്ക് മുമ്പിൽ പരാതികളുടെ പട്ടിക നിരത്തി. മുഖ്യമായും ആറളം ഫാമിലെ വാഗ്ദാന ലംഘനങ്ങളുടെ കഥയാണ് ഇവർക്ക് പറയാനുണ്ടായിരുന്നത്.
ഏക്ത പരിഷത്ത് സ്ഥാപകൻ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്യത്തിൽ അരിപ്പ-ചെങ്ങറ-ആറളം ഫാം ഭൂ സമരങ്ങളെ പ്രതിനിധീകരിച്ച് ശ്രീരാമൻ കൊയ്യോൻ, തോട്ടപ്പള്ളി കരിമണൽ വിരുദ്ധ സമര സമിതി ചെയർമാൻ സുരേഷ്, ഡോ. സജിത, പി.വൈ. അനിൽ തുടങ്ങിയവർ ചീഫ് സെക്രട്ടറി ഡോ. വി. വേണുവുമായി ചർച്ചനടത്തിയ സംഘത്തിലുണ്ടായിരുന്നു.
ആറളം ഫാമിൽ ആദിവാസി കുടുംബങ്ങൾ കാട്ടാന ശല്യത്തിൽ ജീവ ഭയത്തിലാണ്. നാളിതുവരെ 14 ആദിവാസികളുടെ ജീവനുകളാണ് പൊലിഞ്ഞത്. ആയിരത്തിലേറെ കുടുംബങ്ങളാണ് ഫാം വിട്ടൊഴിയാൻ നിർബന്ധിതമായത്. ആദിവാസി പുനരധിവാസത്തിന് 42 കോടി ടി.എസ്.പി ഫണ്ട് നൽകി ഏറ്റെടുക്കുമ്പോൾ ഫാമിലെ മുഴുവൻ ലാഭവും ആദിവാസി പുനരധിവാസത്തിന് ചെലവഴിക്കുമെന്നും തൊഴിലവസരങ്ങൾ ആദിവാസികൾക്കായി മാറ്റിവെക്കുമെന്നുമായിരുന്നു ധാരണ.
എന്നാൽ ആദിവാസി കുടുംബങ്ങളിൽ ഉന്നത ബിരുദം നേടിയ അഭ്യസ്തവിദ്യർ ധാരാളം ഉണ്ടെന്നിരിക്കെ ഫാമിലെ ക്ലറിക്കൽ തസ്തിക മുതൽ മുകളിലുള്ള ഒഴിവുകളിൽ ആദിവാസികൾ അല്ലാത്തവരെയാണ് നിയമിക്കുന്നത്ത്.
ആറളം ഫാം ആദിവാസി സ്വയം ഭരണ മേഖലയായി പ്രഖ്യാപിക്കാൻ സാധിക്കുന്ന സാഹചര്യമുണ്ടെന്നിരിക്കെ സർക്കാർ ചില പ്രാഥമിക ആലോചനകൾ നടത്തിയെന്നൊഴിച്ചാൽ തുടർ നടപടികൾ ഉണ്ടായിട്ടില്ല. ആറളം ഫാമിലെ തൊഴിലാളികൾക്ക് ഒമ്പത് മാസമായി ശമ്പളമില്ല തുടങ്ങിയ വിഷയങ്ങൾ നേതാക്കൾ ചീഫ് സി ക്രട്ടറി യെ ധരിപ്പിച്ചു.
നിർദേശങ്ങൾ
- ആറളം ഫാമിലെ ആദിവാസി കുടുംബങ്ങളുടെ ജീവൻ സ]രക്ഷിക്കുന്നതിന് ആനമതിൽ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുക.
- ആനഭീതി മൂലം ഫാം വിട്ടൊഴിയാൻ നിർബന്ധിതരായ ഭൂരിഭാഗം വരുന്ന പണിയ കുടുംബങ്ങളുടെ നിലവിലുള്ള പട്ടയം റദ്ദ് ചെയ്യുന്നതിന് കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി കുടുംബങ്ങളേയോ അവരുടെ അവകാശികളേയോ ഫാമിൽ തിരികെ എത്തിക്കുക.
- ആറളം ഫാമിലെ മുഴുവൻ നിയമനങ്ങളും ആദിവാസികൾക്കായി സംവരണം ചെയ്യുക
- ആറളം ഫാമിലെ തൊഴിലാളികൾക്ക് ഒമ്പത് മാസമായി മുടങ്ങിയ ശമ്പള കുടിശ്ശിക ഉടൻ വിതരണം ചെയ്യുക.
- ഫാം ഒമ്പതാം ബ്ലോക്ക് വളയഞ്ചാലിൽ ആദിവാസികളുടെ മുൻകൈയ്യിൽ പ്രവർത്തിക്കുന്ന മുത്തപ്പൻ മടപുരക്കും, ഗോത്രാചാര ആരൂഢസ്ഥാനവും ഉൾകൊള്ളുന്ന ഭൂമിക്ക് പട്ടയം നൽകുക.
- ആദിവാസികളുടെ കൈവശമുള്ള ശേഷിക്കുന്ന ഭൂമിക്കുകൂടി പട്ടയം നൽകുക
- ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ മുഴുവൻ ബ്ലോക്കുകളിലും ആധുനിക രീതിയിലുള്ള ശ്മശാനം നിർമിക്കുക.
- ആറളം ഫാം ആദിവാസി ഭൂമി ടൂറിസത്തിന്റെ മറവിൽ പിടിച്ചെടുക്കാനുള്ള നടപാടി ഒഴിവാക്കുക.
- കണ്ണൂർ ജില്ലയിൽ അയ്യായിരത്തിലേറെ ആദിവാസി കുടുംബങ്ങൾ ഭൂരഹിതരായി അവശേഷിക്കെ, നടീൽ വസ്തുക്കളുടെ നഴ്സറിക്ക് അത്യാവശ്യം ഭൂമി മാറ്റിവെച്ച് ബാക്കി ആദിവാസികൾക്ക് വിതരണം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.