കേളകം: വൈശാഖ മഹോത്സവകാലത്ത് കൊട്ടിയൂരിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്കിൽ ഗതാഗത സ്തംഭനമുണ്ടായി മലയോരം ദിവസങ്ങളോളം സ്തംഭിക്കുന്ന അവസ്ഥ തുടർകഥയാകുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ അടിയന്തര പദ്ധതികൾ പ്രാവർത്തികമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
തീർഥാട കേന്ദ്രമായ കൊട്ടിയൂരിനും ഒരു മാസ്റ്റർ പ്ലാൻ വേണമെന്നതാണ് ആവശ്യം. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന കൊട്ടിയൂർ ഉത്സവ കാലത്ത് ഇവിടെ എത്തിച്ചേരുന്ന ലക്ഷക്കണക്കിന് തീർഥാകർ കൊട്ടിയൂരിന്റെ പരിമിതമായ ഗതാഗത, റോഡ് സംവിധാനങ്ങളാൽ മണിക്കൂറുകളോളം ഭക്ഷണമോ, വെള്ളമോ ലഭിക്കാതെ വന്ന വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ദയനീയ കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഇതിന് ശ്വാശത പരിഹാരം ഉണ്ടായേ മതിയാവൂ എന്ന് നാട്ടുകാരും പറയുന്നു.
മട്ടന്നൂർ-കൊട്ടിയൂർ-മാനന്തവാടി നാലുവരി പാത നിർമാണം ഉടൻ ആരംഭിക്കുക, വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ വൺവേ ആക്കി തിരിച്ചുവിടാൻ മന്ദം ചേരിയിൽ നിന്ന് ഫോറസ്റ്റ് റോഡ് വികസിപ്പിച്ച് അമ്പായത്തോട് ടൗൺ വരെ ബൈപാസ് പാത ഉണ്ടാക്കുക.
കൂടാതെ അമ്പായത്തോട്, കണ്ടപ്പുനം ഭാഗങ്ങളിൽ പാർക്കിങ് സ്ഥലം ദേവസ്വം ഏറ്റെടുക്കുക, തലശ്ശേരി, കണ്ണൂർ, ഇരിട്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ തിരിച്ചു വിടാൻ മന്ദംചേരി പാലം കടന്ന് ബാവേലി പുഴക്ക് സമാന്തരമായുള്ള പാത കൂടുതൽ വികസിപ്പിക്കുകയും - മണത്തണ തൊണ്ടി - തെറ്റുവഴി നെടുംമ്പോയിൽ പാത വീതി കൂട്ടി വികസിപ്പിക്കുകയും വേണം.
മഞ്ഞളാം പുറം - കൊളക്കാട് നെടുംപൊയിൽ റോഡ് - കൂത്തുപറമ്പ് വരെ നാലു വരി പാതയാക്കണം. ചുങ്കകുന്ന്, തലക്കാണി, പന്നിയാം മല ഭാഗങ്ങളിൽ ദേവസ്വം പ്രസ്തുത സമാന്തര പാതക്ക് അഭിമുഖമായി പാർക്കിങ് സ്ഥലങ്ങൾ ഏറ്റെടുക്കുകയും വേണം.
നിർദിഷ്ഠ തലശ്ശേരി-മൈസൂരു റെയിൽപാത കൊട്ടിയൂർ-മാനന്തവാടി വഴി ബ്രട്ടീഷുകാർ നടത്തിയിട്ടുള്ള സർവേ വീണ്ടും സാധ്യതാ പഠനം നടത്തി പ്രാഥമിക സർവേ റിപ്പോർട്ട് തയാറാക്കുകയും തുടർ നടപടികൾ സ്വീകരിക്കുന്നതിനും സർക്കാർ തലത്തിൽ പരിശ്രമിക്കണം.
ഇരുപത് ലക്ഷത്തോളം തീർഥാടകർ എത്തിച്ചേരുന്ന കൊട്ടിയൂരിൽ ആവശ്യമായ മെഡിക്കൽ സൗകര്യങ്ങളുടെ അഭാവത്തിൽ കൊട്ടിയൂരിന് തൊട്ടരികിലായി ഉള്ള നിർദിഷ്ഠ വയനാട് സർക്കാർ മെഡിക്കൽ കോളജ് ബോയിസ് ടൗണിൽ നിർമാണം നടത്തുക, അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗപെടുത്താൻ സാധിക്കും വിധം - കൊട്ടിയൂരിൽ ഹെലിപാട് നിർമിക്കുക.
(എയർ ആമ്പുലൻസ് ), ഉത്സവ നഗരിയിലും, സമീപ പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കുവാനുള്ള വിപുലമായ പദ്ധതി ആവിഷ്കരിക്കുക, മാലിന്യ സംസ്കരണത്തിന് ഉത്സവ നഗരിയിൽ തന്നെ സ്ഥിരമായ ആധുനിക സാങ്കേതിക ശാസ്ത്രീയ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുക തുടങ്ങി വിപുലമായ വികസന പദ്ധതികൾ നടപ്പാക്കിയാൽ മാത്രമേ കൊട്ടിയൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം ആകുകയുള്ളു.
ഇക്കാര്യത്തിൽ അധികാരികൾ സത്യര ശ്രദ്ധ പതിപ്പിക്കാൻ വൈകിയാൽ തീർഥാടകരുടെയും ജനങ്ങളുടെയും ദുരിതം മാറ്റമില്ലാതെ തുടരുകയാകും ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.