കേളകം: കടുവയും പുലികളും കാട്ടുപന്നികളും കാട്ടാനകളും ഇറങ്ങുന്ന മലയോരത്ത് കാട്ടുപോത്തുകളും വട്ടമിട്ടതോടെ ജനജീവിതം കടുത്ത ഭീതിയിലായി. കോളയാട്, കണ്ണവം, ചിറ്റാരിപ്പറമ്പ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലാണ് കാട്ടുപോത്തുകളുടെ വിഹാരം.
കഴിഞ്ഞ കൊല്ലം മാർച്ചിൽ കോളയാട് പഞ്ചായത്തിലെ കറ്റ്യാടിന് സമീപം കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടിരുന്നു. കണ്ണവം വനം പരിധിയിലെ കൊമ്മേരി കറ്റ്യാടിന് സമീപം പുത്തലത്ത് ഗോവിന്ദനെയാണ് (98) വീടിന് സമീപത്തെ കോൺക്രീറ്റ് റോഡിലൂടെയുള്ള പ്രഭാത നടത്തത്തിനിടയിൽ കാട്ടുപോത്ത് ആക്രമിച്ച് കൊന്നത്.
കോളയാട് പെരുവയിൽ കാട്ടുപോത്തുകൾ വിഹരിക്കുന്നത് പതിവാണ്. മുമ്പ് കൊട്ടിയൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപോത്തുകൾ കൂട്ടമായി എത്താറുണ്ടായിരുന്നു. മലയോരഗ്രാമങ്ങളിൽ കടുവ, പുലി, കാട്ടുപന്നി, കാട്ടുപോത്ത്, കാട്ടാന തുടങ്ങിയ വന്യ മൃഗങ്ങളുടെ സാന്നിധ്യം പതിവായതോടെ ഭീതിയിലാണ് മലയോര ജനതയും.
ആറളം, കൊട്ടിയൂർ, വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളായ ആറളം ഫാം, ആദിവാസി പുനരധിവാസ മേഖല, കേളകം പഞ്ചായത്തിലെ രാമച്ചി, ശാന്തിഗിരി, കരിയംകാപ്പ്, മാങ്കുളം, വെള്ളൂന്നി, ഏലപ്പീടിക തുടങ്ങിയ പ്രദേശങ്ങളും കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരം, പന്നിയാംമല, അമ്പായത്തോട്, ചപ്പമല, നെല്ലിയോടി, പേരാവൂരിന് സമീപം എടത്തൊട്ടി, കാഞ്ഞിരപ്പുഴ പ്രദേശങ്ങളിലെ ജനങ്ങളാണ് കടുവ, പുലിപ്പേടിയിൽ കഴിയുന്നത്.
ജനവാസ മേഖലകളിൽ കടുവയെ കണ്ടെത്തിയിട്ടും അധികൃതർ ഗൗരവത്തോടെ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. അമ്പതോളം കാട്ടാനകൾ വട്ടമിടുന്ന ആറളം ഫാമിൽ ഭീതിയുടെ നിഴലിലാണ് പുനരധിവാസ മേഖലയും, ആറളം ഫാമിലെ നൂറ് കണക്കിന് തൊഴിലാളികളും.
കോളയാട് പഞ്ചായത്തിന്റെ വിവിധ മേഖലകളിലും, ചിറ്റാരിപ്പറമ്പയിലും കാട്ടുപോത്തിന്റെ വിഹാരം കൂടിയായതോടെ ജനവാസ മേഖലകൾ വന്യ ജീവികളുടെ സങ്കേതങ്ങളായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.