കേളകം: ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും കൃഷിയിടത്തിലുമായി തമ്പടിച്ച ആനക്കൂട്ടത്തെ വനത്തിലേക്ക് തിരിച്ചയക്കാനുള്ള ദൗത്യവുമായി വനംവകുപ്പിന്റെ തീവ്രയജ്ഞ പരിപാടക്ക് തുടക്കം. ആറളം ഫാമിൽ കണ്ടെത്തിയ അഞ്ച് കാട്ടാനകളെ വനംവകുപ്പ് ദൗത്യ സംഘം വനത്തിലേക്ക് തുരത്തി.
ഫാമിൽ തമ്പടിച്ച കാട്ടാനകളെ തുരത്തൽ ഞായറാഴ്ച രാവിലെ ഏഴോടെ ആരംഭിച്ചു. രണ്ട് ഘട്ടങ്ങളായി നടക്കുന്ന ദൗത്യത്തിൽ ആദ്യ ദിവസം പുനരധിവാസ മേഖലയിൽ വിവിധ ഇടങ്ങളിലായി തമ്പടിച്ചിരുന്ന കാട്ടാനകളെ തുരത്തി കാട് കയറ്റാനുള്ള ശ്രമമാണ് നടന്നത്. ഇതിന്റെ മുന്നോടിയായി ഫാം പ്രദേശത്ത് 144 പ്രകാരം സബ് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ഫാമിന്റെ കൃഷിയിടത്തിൽ മാത്രം 40ൽ അധികം ആനകൾ ഉണ്ടെന്നാണ് അനുമാനം. പുനരധിവാസ മേഖലയിലെ ആനകളെ മുഴുവൻ കാടുകടത്തിയ ശേഷമാണ് രണ്ടാംഘട്ടം ആരംഭിക്കുക. അടുത്ത ദിവസങ്ങളിൽ ഉച്ചക്ക് ശേഷം ദൗത്യം തുടരുമെങ്കിലും ലീവ് ദിവസങ്ങൾ വരുന്ന 8,9,10 തീയതികളിലാണ് രണ്ടാംഘട്ടം നടപ്പാക്കുക.
ആറളം വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്ത്, കണ്ണൂർ ആർ.ആർ.ടി. ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാർ, കൊട്ടിയൂർ റേഞ്ച്, ആറളം വന്യജീവി സങ്കേതം, ആറളം ഫാം- ടി.ആർ.ഡി.എം, പ്രമോട്ടർമാർ, കമ്മിറ്റി പ്രതിനിധികൾ ഉൾപ്പെടെ 60 അംഗങ്ങൾ ദൗത്യത്തിൽ പങ്കെടുത്തു. ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ച കാട്ടാനകളെ കാട്ടിലേക്ക് തുരത്തുന്നതിനായി സബ് കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗ തീരുമാന പ്രകാരമായിരുന്നു നടപടി.
ഹെലിപാഡിൽ നിന്ന് ബ്ലോക്ക് 12 ഭാഗത്ത് തമ്പടിച്ച മൂന്ന് ആനകളെ 18 ഏക്കർ -താളിപ്പാറ-കോട്ടപ്പാറ റോഡ് കടത്തി, കോട്ടപ്പാറ ഭാഗത്ത് നേരത്തെ തമ്പടിച്ച ആനകൾ ഉൾപ്പെടെ അഞ്ചോളം ആനകളെ വനത്തിലേക്ക് കടത്തി. കോട്ടപ്പാറ മുതൽ 300 ഏക്കറോളം ആൾത്താമസമില്ലാത്ത കാടുപിടിച്ച പ്രദേശമായതിനാൽ ഉച്ചക്കുശേഷമുള്ള ദൗത്യം ദുർഘടമായിരുന്നെന്ന് കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്ത് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് 5.30ഓടെ ആദ്യഘട്ടം ദൗത്യം നിർത്തി.
അവശേഷിച്ച ആനകളെ രണ്ടാം ഘട്ടത്തിൽ പൂർണമായി തുരത്തി വനാതിർത്തിയിൽ നിരീക്ഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
തുടർദിവസങ്ങളിൽ രാത്രിയിൽ റാപിഡ് റസ്പോൺസ് ടീമും മറ്റ് സംഘങ്ങളും പെട്രോളിങ് നടത്തുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.