'കണക്ട് ടു വര്‍ക്ക്'വീണ്ടും തുടങ്ങാനൊരുങ്ങി കുടുംബശ്രീ

കണ്ണൂര്‍: തൊഴിലന്വേഷകര്‍ക്ക് സഹായവുമായി കുടുംബശ്രീ തുടങ്ങിയ കണക്ട് ടു വര്‍ക്ക് കോവിഡ് പ്രതിസന്ധിക്കുശേഷം പുനരാരംഭിക്കുന്നു. പദ്ധതിയിൽ ആദ്യ ബാച്ച് പരിശീലനം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതേത്തുടർന്നാണ് കോവിഡ് പ്രതിസന്ധിക്ക് വിരാമമായതിനെ തുടർന്ന് പദ്ധതി പുനരാരംഭിക്കുന്നത്. മേയ് ആദ്യവാരത്തോടെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കുടുംബശ്രീയുടെ കർമപദ്ധതി തയാറാകുമെന്ന് ജില്ല കോഓഡിനേറ്റർ എം. സുർജിത്ത് പറഞ്ഞു. കർമപദ്ധതിയിൽ 'കണക്ട് ടു വര്‍ക്കി'ന് കൂടുതൽ പ്രധാന്യം ഉണ്ടാകും.

കഴിഞ്ഞ സാമ്പത്തിക വർഷം തുടങ്ങിയ പദ്ധതിയിൽ ജില്ലയിലെ 260 പേര്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കി. തുടർ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ആ മേഖലയില്‍ത്തന്നെ തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്നതായിരുന്നു പദ്ധതി. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കണ്ടെത്തി നല്‍കുകയും അതിനായുള്ള പരിശീലനവും കണക്ട് ടു വര്‍ക്ക് പദ്ധതിയിലൂടെ നല്‍കി. പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, എടക്കാട്, കണ്ണൂര്‍, തലശ്ശേരി, പാനൂര്‍, ഇരിട്ടി തുടങ്ങിയ ജില്ലയിലെ 11 ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ഈ പ്രദേശങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കി അവര്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഓരോ പഞ്ചായത്തിലും തിരഞ്ഞെടുക്കപ്പെടുന്ന 33 പേര്‍ക്ക് പരിശീലനം നല്‍കി ജോലി ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം.

കോഴ്‌സ് തുടങ്ങുന്ന സമയം ഓരോ സ്ഥലത്തും മുപ്പതോളം പേര്‍ കോഴ്‌സിന് ചേര്‍ന്നിരുന്നു. ഒരുദിവസം മൂന്നോ നാലോ മണിക്കൂര്‍ ക്രമീകരിച്ചായിരുന്നു പരിശീലനം. 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിലൂടെ പേഴ്സനല്‍ സ്‌കില്‍സ്, പ്രസന്റേഷന്‍ സ്‌കില്‍സ്, ഓര്‍ഗനൈസേഷന്‍ സ്‌കില്‍സ്, പ്രഫഷനല്‍ സ്‌കില്‍സ്, സോഷ്യല്‍ സ്‌കില്‍സ് എന്നിവയില്‍ പരിശീലനം നല്‍കി. റീബിൽഡ് കേരളയുടെ ഭാഗമായി അസാപും കുടുംബശ്രീയും സംകുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്. അസാപിലെ ട്രെയിനേഴ്‌സാണ് ഉദ്യോഗാർഥികള്‍ക്ക് ക്ലാസുകള്‍ നല്‍കിയത്. പ്ലസ്ടു യോഗ്യതയുള്ള 18 മുതല്‍ 33 വയസ്സു വരെയുള്ളവര്‍ക്കായിരുന്നു കോഴ്‌സിന് ചേരാനുള്ള യോഗ്യത.

ജോലിയില്‍ പ്രവേശിക്കാന്‍ തയാറാക്കുന്നതോടൊപ്പം ഒരു പ്രത്യേക വിഷയത്തില്‍ അധിഷ്ഠിതമായി പദ്ധതി തുടങ്ങാനാണ് ഉദ്ദേശ്യം. ഇതില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഇത്തരത്തിലാകുമ്പോള്‍ കൂടുതല്‍ വീട്ടമ്മമാര്‍ക്ക് സ്വന്തമായി ഒരു തൊഴില്‍ എന്നത് നേടാനാകും.

സംസ്ഥാനത്തൊട്ടാകെ തുടക്കത്തില്‍ 5000 പേര്‍ക്ക് ജോലി ലഭ്യമാക്കാനായിരുന്നു പദ്ധതിയുടെ ഉദ്ദേശ്യം. സംസ്ഥാനത്തെ അഭ്യസ്തവിദ്യര്‍ക്ക് അവസരങ്ങള്‍ തൊഴിലാക്കി മാറ്റാന്‍ ഇതിലൂടെ കഴിയുമെന്നാണ് കുടുംബശ്രീ മിഷന്റെ പ്രതീക്ഷയെന്നും സുർജിത്ത് പറഞ്ഞു.

Tags:    
News Summary - Kudumbashree going to start 'Connect to Work' again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.