കണ്ണൂർ: കത്തുന്ന മീനച്ചൂടിനെയും പിന്തള്ളി തെരഞ്ഞെടുപ്പാവേശം കൊടുമുടിയിലേക്ക്. ഇനി പോളിങ് ബൂത്തിലേക്ക് 28 ദിവസത്തെ ദൂരം മാത്രം. പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പേ സ്ഥാനാർഥികൾ പര്യടനത്തിനിറങ്ങിയതിനാൽ മിക്ക മണ്ഡലങ്ങളിലും ഒന്നിലേറെ തവണ വോട്ടർമാരെ കാണാൻ ഇവരെത്തി. എല്ലാ മണ്ഡലങ്ങളിലും റോഡ് ഷോ പലതവണ നടന്നു.
കണ്ണൂർ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജനും യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരനും പലവട്ടമാണ് വോട്ടർമാരെ കാണാനെത്തിയത്. ആരാധാനാലയങ്ങൾ, വിവാഹവീടുകൾ, മണ്ഡലത്തിലെ പ്രധാന കാമ്പസുകൾ തുടങ്ങിയിടങ്ങളിലെല്ലാം ഇതിനകം സ്ഥാനാർഥികൾ എത്തിക്കഴിഞ്ഞു. കാസർകോട് മണ്ഡലത്തിന്റെ ഭാഗമായ പയ്യന്നൂരിലും കല്യാശ്ശേരിയിലും ഇരു സ്ഥാനാർഥികളും പലതവണ വന്നു. വടകര മണ്ഡലത്തിന്റെ ഭാഗമായ തലശ്ശേരിയിലും കൂത്തുപറമ്പിലും തെരഞ്ഞെടുപ്പാവേശം ഉച്ചിയിലാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടു തവണ കണ്ണൂർ മണ്ഡലത്തിലെത്തിയത് അണികൾക്ക് ആവേശമായി. കലക്ടറേറ്റ് മൈതാനിയിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനത്തിനും പൗരത്വ നിയമഭേദഗതിക്കെതിരായ റാലിക്കുമാണ് മുഖ്യമന്ത്രി വന്നത്. ഇതിനു പുറമെ എൽ.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിലും എൽ.ഡി.വൈ.എഫിന്റെ നേതൃത്വത്തിലും നൈറ്റ് മാർച്ചും നടത്തി. യു.ഡി.എഫിന്റെ വടകര, കാസർകോട്, കണ്ണൂർ സ്ഥാനാർഥികളായ ഷാഫി പറമ്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ, കെ. സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റിയിലേക്ക് നടത്തിയ നൈറ്റ് മാർച്ചിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.
എൻ.ഡി.എ സ്ഥാനാർഥി സി. രഘുനാഥും വിവിധ മണ്ഡലങ്ങളിൽ പ്രചാരണവുമായി സജീവമാണ്. അടുത്തത് ദേശീയ നേതാക്കളുടെ വരവാണ്. മൂന്ന് മുന്നണിയുടെയും ദേശീയ നേതാക്കൾ കണ്ണൂരിലെത്തും. പത്രികകളുടെ സമർപ്പണം ഇന്ന് മുതൽ സ്ഥാനാർഥികളുടെ പത്രിക സമർപ്പണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്.
രാവിലെ 11 മുതൽ വൈകീട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അവസാന തീയതി ഏപ്രിൽ നാല്. അവധി ദിനങ്ങളായ മാര്‍ച്ച് 29, 31 ഏപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പിക്കാനാവില്ല. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.