കണ്ണൂർ: നഗരത്തിലെ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് ഒരു ടൺ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ പിടികൂടി. കണ്ണൂർ കോർപറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ മാർക്കറ്റിലെ ഗോപാൽ സ്ട്രീറ്റ് റോഡിൽ ടി.കെ. സുലൈമാൻ ആൻഡ് സൺസ് എന്ന മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിൽനിന്നാണ് വിവിധ അളവിലും കനത്തിലുമുള്ള നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തത്. 15 മുതൽ 25 വരെ കിലോഗ്രാമിന്റെ ചാക്കുകളിലായിട്ടാണ് കാരിബാഗുകൾ സൂക്ഷിച്ചിരുന്നത്. മുമ്പ് ഇതേ സ്ഥാപനത്തിൽ പരിശോധന നടത്തി പ്ലാസ്റ്റിക് കപ്പ് തുടങ്ങിയ നിരോധിത ഉൽപന്നങ്ങൾ സ്ക്വാഡ് പിടികൂടിയിരുന്നു. പ്രസ്തുത ഗോഡൗണിന് തൊട്ടടുത്തായിതന്നെ കാരിബാഗുകൾ മാത്രം സൂക്ഷിച്ച പ്രത്യേക കടമുറിയിൽനിന്നാണ് സ്ക്വാഡ് ഇതുവരെ പിടികൂടിയതിൽ ഏറ്റവും കൂടിയ അളവിൽ പ്ലാസ്റ്റിക് കാരിബാഗുകൾ കണ്ടെടുത്തത്. ഒരേ സ്ഥാപനത്തിൽനിന്ന് രണ്ടാമതും നിരോധിത വസ്തുക്കൾ പിടികൂടിയതുകൊണ്ട് 25,000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് കണ്ണൂർ കോർപറേഷന് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെൻറ് ടീം ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെൻറ് ഓഫിസർ കെ.ആർ. അജയകുമാർ, ഷരീകുൽ അൻസാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജൂനാറാണി, കണ്ടിജൻറ് ജീവനക്കാരായ സജികുമാർ, ജുനൈദ്, ഗണേഷ്, പുഷ്പരാജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.