കണ്ണൂർ: നഗരത്തിലെത്തുന്ന വാഹനങ്ങളുടെ പർക്കിങ്ങിന് കൂടുതൽ സൗകര്യമൊരുക്കാനും ഗതാഗതക്കുരുക്ക് പരിഹരിക്കാനുമായി കോർപറേഷൻ നിർമിക്കുന്ന മൾട്ടിലെവൽ പാർക്കിങ് സമുച്ചയം ഡിസംബർ 30നകം ഒരുങ്ങും. മാസങ്ങളായി പ്രവൃത്തിനിലച്ച സ്ഥിതിയിലായിരുന്ന കേന്ദ്രത്തിന്റെ നിർമാണം പുനരാരംഭിച്ചു.
സ്റ്റേഡിയം കോർണറിലെ സ്വാതന്ത്ര്യസമര സ്തൂപത്തിന് സമീപത്തും ഫോർട്ട് റോഡിലെ പീതാംബര പാർക്കിലുമാണ് പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കുന്നത്. ഒരിടവേളക്കുശേഷം മരാമത്ത് പ്രവൃത്തി പുരോഗമിക്കുകയാണ്. മെക്കാനിക്കൽ പ്രവൃത്തികൾ അടുത്തമാസം തുടങ്ങും. സ്റ്റേഡിയം കോർണറിലെ മരാമത്ത് പ്രവൃത്തി 70 ശതമാനം പൂർത്തിയായിട്ടുണ്ട്. രണ്ടുവർഷമായി തുടങ്ങിയ പ്രവൃത്തി നിലച്ചതോടെ കോർപറേഷൻ ഇടപെട്ട് കരാറുകാരുമായി ചർച്ച നടത്തിയിരുന്നു. ഇതേതുടർന്നാണ് ഈ വർഷം അവസാനത്തോടെ പാർക്കിങ് കേന്ദ്രം തുറക്കാനാവുമെന്നറിയിച്ചത്. പുണെ ആസ്ഥാനമായ കമ്പനിക്കാണ് നിർമാണ കരാർ.
പാർക്കിങ് കേന്ദ്രത്തിനായി പുണെയിൽനിന്ന് ആദ്യഘട്ട നിർമാണ സാമഗ്രികൾ അടുത്തമാസം കണ്ണൂരിലെത്തിക്കും. റോഡ് മാർഗമാണ് എത്തിക്കുക. ക്രെയിൻ സഹായത്തോടെ ആദ്യഘട്ട യന്ത്രോപകരണങ്ങൾ സ്ഥാപിച്ചശേഷം അടുത്തത് എത്തിക്കും. സാധനങ്ങൾ ഒന്നിച്ച് എത്തിച്ചാൽ സൂക്ഷിക്കാൻ ഇടമില്ലാത്തതിനാലാണ് ഘട്ടംഘട്ടമായി എത്തിക്കുന്നത്. യന്ത്രോപകരണങ്ങൾ സ്ഥാപിക്കാൻ ഒരുമാസം വേണമെന്നാണ് കരാറുകാർ നൽകുന്ന വിവരം. നേരത്തെ കരാറുകാരും ഉപകരാറുകാരും തമ്മിലുണ്ടായ തർക്കംമൂലം പ്രവൃത്തി മുടങ്ങിയത് കോർപറേഷൻ ഇടപെട്ട് പരിഹരിച്ചിരുന്നു. സാങ്കേതികാനുമതി വൈകിയതിനാലും അപ്രതീക്ഷിത മഴയിലുമാണ് പ്രവൃത്തി മുടങ്ങിയതെന്നാണ് കരാറുകാർ നൽകുന്ന വിവരം.
2020 ജനുവരിയിലാണ് അമൃത് പദ്ധതിയുടെ ഭാഗമായി 11 കോടി രൂപ ചെലവിൽ പാർക്കിങ് കേന്ദ്രങ്ങളുടെ നിർമാണം തുടങ്ങിയത്. ആറുമാസത്തിനകം പാർക്കിങ് കേന്ദ്രം തുടങ്ങുമെന്നായിരുന്നു കോർപറേഷൻ ആദ്യം പ്രഖ്യാപിച്ചത്. കോവിഡ് തരംഗത്തിൽ ഏറക്കാലം നിർമാണം നിലച്ചിരുന്നു. ഇതോടെ ഇരുമ്പു സാമഗ്രികളടക്കം തുരുമ്പെടുക്കുന്ന സ്ഥിതിയായിരുന്നു. പീതാംബര പാർക്കിൽ പ്രവൃത്തി മുടങ്ങിയത് കാൽനടക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പതിനഞ്ചോളം തൊഴിലാളികളാണ് ഇപ്പോൾ നിർമാണത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.