പയ്യന്നൂർ: മഴ ശക്തമായി തുടർന്നതോടെ പലയിടത്തും വ്യാഴാഴ്ചയും വെള്ളം കയറി. വൻ നാശനഷ്ടങ്ങളാണ് വിവിധയിടങ്ങളിൽ ഉണ്ടായത്. പാണപ്പുഴയിൽ പോസ്റ്റ് ഓഫിസിന് സമീപത്തെ ബി.പി. നളിനിയുടെ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു. രാവിലെ എട്ടു മണിയോടെയാണ് സംഭവം. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു നാശനഷ്ടം വിലയിരുത്തി. കനത്ത മഴയിൽ പിലാത്തറ - മാതമംഗലം റോഡിൽ മാതമംഗലം വയത്തൂർ ക്ഷേത്രത്തിന് സമീപവും പുനിയങ്കോട് നീലിയാർ ഭഗവതി ക്ഷേത്രത്തിനു സമീപത്തും റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ച് വിട്ടു.
വണ്ണാത്തിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പലയിടത്തും വെള്ളം കയറി. കണ്ടോന്താർ ബോട്ട് കടവ് റോഡിലും സമീപത്തെ നിരവധി വീട്ടുപറമ്പുകളിലും വെള്ളം കയറി. ഇവിടെ താമസിക്കുന്ന നാല് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കൈതപ്രം കമ്പിപ്പാലം പരിസരത്തും വെളളം കയറി. മഴ കൂടുന്ന സാഹചര്യത്തിൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് തഹസിൽദാർ എം.കെ. മനോജ് കുമാർ ആവശ്യപ്പെട്ടു.
മുന്നൊരുക്കത്തിന്റെ ഭാഗമായി എല്ലാ തദ്ദേശസ്ഥാപനങ്ങളും റവന്യൂ വിഭാഗവും നിരീക്ഷണം ശക്തപ്പെടുത്തി. മുൻകരുതലായി താലൂക്ക് പരിധിയിൽ നിരവധി കുടുംബങ്ങളെ ഇതിനകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട് . 30 ഓളം വീടുകൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തെമെന്നും അടിയന്തര സഹായം ആവശ്യമായി വന്നാൽ അധികൃതരെ വിവരം അറിയിക്കണമെന്നും തഹസിൽദാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.