പയ്യന്നൂർ: ഒടുവിലത്തെ മേൽവിലാസക്കാരനെയും കണ്ടെത്തി തപാൽ കൈമാറി നാട്ടുകാരുടെ വസന്തേച്ചി എന്ന വസന്തകുമാരി കഴിഞ്ഞദിവസം പടിയിറങ്ങി. അഴീക്കോടുനിന്ന് കടന്നപ്പള്ളിയിലെത്തി നീണ്ട രണ്ടര പതിറ്റാണ്ട് പരാതിയോ പരിഭവമോ ഇല്ലാതെ ജോലി പൂർത്തിയാക്കി പതിവുപേലെ സ്വന്തം നാടായ അഴീക്കോട്ടേക്ക് കഴിഞ്ഞദിവസം ബസ് കയറിയപ്പോൾ നടന്നുതേഞ്ഞത് ജീവിതത്തിന്റെ വസന്തകാലം കൂടിയാണ്.
എല്ലാവരോടും നിറഞ്ഞ പുഞ്ചിരിയുമായി കൈയിൽ കത്തുകെട്ടുകളുമായി നടന്നു നീങ്ങുന്ന തപാൽകാരിയുടെ സാന്നിധ്യം നാട്ടുവഴികൾക്ക് ഇനി അന്യം. കടന്നപ്പള്ളി പോസ്റ്റ് ഓഫിസിൽ 24 വർഷം ജോലിചെയ്തിതിട്ടും വലിയ ആനുകൂല്യങ്ങളൊന്നും ഇല്ലാതെയാണ് തിരിച്ചിറങ്ങുന്നത്. എന്നാൽ, നിറഞ്ഞ സന്തോഷത്തോടെയാണ് പടിയിറക്കമെന്ന് അവർ പറയും. ഗ്രാമം അത്രമേൽ അവരെ സ്നേഹിച്ചിരുന്നു.
തിരിച്ചും അവരത് നൽകി. പോസ്റ്റുമാൻ എന്ന വിളിപ്പേര് പുരുഷ കേന്ദ്രീകൃതമായ കാലത്താണ് വസന്ത ആ ചുമതല ഏറ്റെടുത്തത്. ഒരു പെണ്ണിന് സാധ്യമോയെന്ന് പലരും നെറ്റി ചുളിച്ചു. പക്ഷെ അവർ നടന്നു രണ്ടര പതിറ്റാണ്ട്, നിശ്ചയദാർഢ്യത്തോടെ. അത് ഗ്രാമത്തിന്റെ ചരിത്രമായി. കടന്നപ്പള്ളിയുടെ മുക്കിലും മൂലയിലും വസന്ത നടന്നു കത്തുകൾ കൈമാറി. ക്രമേണ ഈ ഗ്രാമത്തിലെ ഓരോ വീട്ടിലെയും ആൾക്കാരുടെയും പേര് തെറ്റാതെ കൃത്യമായി കൈമാറാൻ വസന്തക്ക് സാധിച്ചു.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പോസ്റ്റ് ഓഫിസ് വന്നപ്പോൾ കടന്നപ്പള്ളിയുടെ ചെറിയ ഭാഗം അടർന്നു മാറി. എന്നാൽ, പിന്നീട് ഓഫിസ് വിലാസം മാറി വന്ന കത്തുകൾ പോലും മേൽവിലാസക്കാരന് കിട്ടി എന്നുറപ്പുവരുത്താനുള്ള കരുതൽ അവർക്കുണ്ടായിരുന്നു.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ അധിനിവേശം കത്തിടപാടുകളുടെ എണ്ണം കുറച്ചുവെങ്കിലും ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള ആശയവിനിമയം ഇപ്പോഴും പോസ്റ്റ് ഓഫിസ് വഴി തന്നെയാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോഴും കടന്നപ്പള്ളിയുടെ പോസ്റ്റുവുമണ് തിരക്ക് കുറഞ്ഞിട്ടില്ല. ഒരുവാഹനം പോലും ഉപയോഗിക്കാതെ കിലോമീറ്ററുകളോളം നടന്ന് തപാൽ കൈമാറുക എന്ന പഴയ അഞ്ചലോട്ടക്കാരനെ പിൻപറ്റി തന്നെയാണ് ജോലിയിൽ നിന്നിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.