പയ്യന്നൂർ: ഗവ. താലൂക്ക് ആശുപത്രിക്കായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഏഴുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിപയടക്കമുള്ള സാംക്രമിക രോഗങ്ങൾ പടരുന്നത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിശദ പഠനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുള്ള പദ്ധതികൾ സമർപ്പിക്കും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെയാവും പഠനം. ആരോഗ്യ പരിരക്ഷ എല്ലാവർക്കും തുല്യമായി ലഭിക്കുന്ന നിലയിൽ പൊതുജനാരോഗ്യ സംവിധാനമാകെ മാറി. സാമൂഹിക നീതിയിലധിഷ്ഠിതമായ സാർവത്രിക വികസനം എന്നതിലൂടെ നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ, പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.വി. വത്സല, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന, മുൻ എം.എൽ.എമാരായ എം.വി. ജയരാജൻ, ടി.വി.രാജേഷ്, സി. കൃഷ്ണൻ, നഗരസഭ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരം സമിതി അധ്യക്ഷരായ വി.വി. സജിത, ടി. വിശ്വനാഥൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ.എം.പി. ജീജ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ.പി.കെ. അനിൽകുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സി.കെ. ജീവൻലാൽ തുടങ്ങിയവർ പങ്കെടുത്തു.
104 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് താലൂക്ക് ആശുപത്രിയിൽ നടന്നത്. ഇതിൽ 56 കോടി രൂപ കെട്ടിടത്തിനും 22 കോടി രൂപ ഉപകരണങ്ങൾക്കും ശേഷിക്കുന്ന തുക അനുബന്ധ സൗകര്യങ്ങൾക്കുമാണ് ഉപയോഗപ്പെടുത്തിയത്. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ഇൻഫ്രാടെക് സർവിസസാണ് നിർമാണ ചുമതല വഹിച്ചത്. ഇതോടെ കണ്ണൂർ, കാസർകോട് ജില്ലയിലെ ആയിരക്കണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമായ പയ്യന്നൂരിന്റെ ആതുരാലയം അത്യന്താധുനിക നിലവാരത്തിലേക്ക് ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.