പയ്യന്നൂര്‍: പയ്യന്നൂർ സെൻട്രൽ ബസാറിലെ മലഞ്ചരക്ക് കടയിലെ കവര്‍ച്ച സാധനങ്ങൾ കടത്തിയ ഗുഡ്സ് ഓട്ടോ കരിവെള്ളൂരിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. വാഹനം കരിവെള്ളൂർ ആണൂരിലെ ആക്രി കടക്ക് സമീപം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിൻന്റെ നിർദേശപ്രകാരം വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
പയ്യന്നൂർ ഗാന്ധി പാർക്ക് ജ്യോതിസദനം റോഡിലെ ആക്രി കടയിൽനിന്ന് മോഷ്ടിച്ച ഗുഡ്സ് ഓട്ടോയാണ് ഇതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവ ദിവസം പുലർച്ച 2.30 ഓടെ ഹെൽമെറ്റ് ധരിച്ച മോഷ്ടാവും സഹായിയും നീല നിറമുള്ള ഗുഡ്സ് ഓട്ടോ ആക്രികടയിൽനിന്ന് പുറത്തേക്ക് തള്ളിക്കൊണ്ടുപ്പോകുന്ന ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറ ദൃശ്യത്തിൽനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ആക്രി കടക്കാരന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ആക്രിക്കടയിൽ നിർത്തിയിട്ട വാഹനം മോഷണം പോയതിനെ തുടർന്ന് ഉടമ പയ്യന്നൂർ പൊലീസിൽ പരാതിയും നൽകിയിരുന്നു.
പൊലീസ് കസ്റ്റഡിയിലുള്ള ഗുഡ്സ് ഓട്ടോ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കവർച്ചക്കാരുടെ വിരലടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. ദേശീയപാതയിൽ പയ്യന്നൂർ മുതൽ കരിവെള്ളൂർ ആണൂർ വരെയുള്ള നിരീക്ഷണ കാമറകൾ പൊലീസ് പരിശോധിച്ചു വരികയാണ്.
കവർച്ചക്കാർ മോഷ്ടിച്ച കുരുമുളകും അടക്കാശേഖരവും വെളിച്ചെണ്ണ ബോക്സുകളും മറ്റൊരു വാഹനത്തിലേക്ക് മാറ്റിയശേഷം ആണൂരിലെ ആക്രിക്കടക്ക് സമീപം ഉപേക്ഷിച്ചതാവാമെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ, സാധനങ്ങൾ വിൽപന നടത്തിയാൽ പൊലീസ് എളുപ്പം പിടികൂടുമെന്ന സംശയത്തിൽ മോഷ്ടാക്കൾ കവർച്ച സാധനങ്ങൾ വിൽപന നടത്താതെ അജ്ഞാത കേന്ദ്രത്തിൽ ഒളിപ്പിച്ചു വെച്ചിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
ഈമാസം 14 ന് രാത്രിയിലാണ് പയ്യന്നൂർ ടൗണിൽ ടാക്സി സ്റ്റാൻഡിന് സമീപത്തെ അൽഅമീൻ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ കവർച്ച നടന്നത്.15 ന് പുലർച്ച മൂന്നോടെ ഗുഡ്സ് ഓട്ടോ കടക്ക് സമീപത്തെ വൈദ്യുതി ട്രാൻസ്ഫോർമറിന് സമീപം നിർത്തിയിട്ടിരുന്നതും സമീപം ഷർട്ട് ധരിക്കാത്ത ഒരാൾ നിൽക്കുന്നതും കണ്ടിരുന്നതായി എതിർ വശത്തെ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിന് മൊഴി നൽകിയിരുന്നു.
കവർച്ചക്ക് ശേഷം മോഷ്ടാക്കൾ വാഹനത്തിൽ കയറ്റി കൊണ്ടുപോകാതെ ഉപേക്ഷിച്ച വെളിച്ചെണ്ണ ബോക്സ് പരിശോധിച്ചതിൽനിന്ന് മോഷ്ടാക്കളുടെ വിരലടയാളം ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയിരുന്നു. കെട്ടിടത്തിന്റെ മതിൽ ചാടി എത്തിയ മോഷ്ടാക്കൾ പന്തൽ പണിക്കാർ ഉപയോഗിക്കുന്ന കുത്തു പാര ഉപയോഗിച്ചാണ് കടയുടെ ചുമർ കുത്തി തുരന്ന് വാതിൽ തള്ളി തുറന്ന് കവർച്ച നടത്തിയത്.
ഈ കമ്പി പാര കടയുടെ പിറക് വശം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മലഞ്ചരക്ക് കടയിൽനിന്ന് ഒന്നര കിന്റല്‍ കുരുമുളക്, നാല് ക്വിന്റല്‍ അടക്ക, ചാക്കുകളില്‍ നിറച്ചു വെച്ചിരുന്ന കൊപ്ര ശേഖരം, അഞ്ച് ബോക്സ് വെളിച്ചെണ്ണ തുടങ്ങി മൂന്നു ലക്ഷം രൂപയോളം വില വരുന്ന സാധനങ്ങൾ കടത്തികൊണ്ടു പോയതായി കട ഉടമ വെള്ളൂർ കാറമേലിലെ എം. അമീറലി പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.