പേരാവൂർ: ആറളം ഫാമിലെ കാട്ടാന തുരത്തൽ നാലാംഘട്ടം തിങ്കളാഴ്ച രാവിലെ ഏഴിന് പുനരാരംഭിക്കും. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി കീഴ്പ്പള്ളി-കക്കുവ, ഓടംതോട്-വളയംചാൽ എന്നിവ ഉൾപ്പെടെ ഫാമിനുള്ളിൽ കൂടി പോകുന്ന എല്ലാ റോഡുകളിലും ഗതാഗത നിയന്ത്രണമുണ്ടാകും.
ആറളം വന്യജീവി സങ്കേതത്തില്‍ നിന്നെത്തി ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലെ ജനവാസമേഖലയിലും കൃഷിയിടത്തിലുമായി തമ്പടിച്ച ആനക്കൂട്ടത്തെ വനത്തിലേക്ക് തിരിച്ചയക്കാനുള്ള ദൗത്യമാണ് തുടരുന്നത്.
വനം വകുപ്പിന്റെ തീവ്രയജ്ഞത്തിന്റെ ഭാഗമായി പുനരധിവാസ മേഖലയിൽ കണ്ടെത്തിയ 18കാട്ടാനകളെ മുമ്പ് മൂന്നുതവണ നടത്തിയ ദൗത്യത്തിൽ വനം വകുപ്പ് സംഘം വനത്തിലേക്ക് തുരത്തിയിരുന്നു. തുടർന്നും ഫാമിലും ഫാം പുനരധിവാസ മേഖലയിലും ബാക്കിയായ കാട്ടാനകളെയും വനത്തിലേക്ക് കടത്തി വനാതിർത്തിയിൽ പ്രതിരോധമൊരുക്കുകയാണ് ലക്ഷ്യം.
പുനരധിവാസ മേഖലയിൽ ഇനിയും ഏതാനും ആനകൾ തമ്പടിച്ചിട്ടുണ്ട്. ഇവ പ്രദേശത്തെ ജനങ്ങളെ ആക്രമിക്കുന്നത് പതിവായതോടെയുണ്ടായ പ്രതിഷേധത്തെ തുടർന്നാണ് ദൗത്യം പുനരാരംഭിക്കാൻ തീരുമാനിച്ചത്.
വനപാലകരും ഫാം സുരക്ഷ ജീവനക്കാരും പ്രാദേശികമായി തെരഞ്ഞെടുക്കുന്ന ആളുകളും ഉൾപ്പെടെ സംഘങ്ങളാണ് ആനകളെ തുരത്തുന്നത്. ഫാം മേഖലയിൽ പരക്കെ തുരത്തലിനിടെ ആനകൾ എത്താൻ സാധ്യത ഉള്ളതിനാൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. സുരക്ഷയും ഗതാഗതനിയന്ത്രണ ചുമതലയും പൊലീസ് നിർവഹിക്കും. ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി ആരോഗ്യവകുപ്പ് സംഘം സ്ഥലത്തുണ്ടാകും.
ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ചിട്ടുള്ള മുഴുവൻ കാട്ടാനകളെയും ആറളം വന്യജീവി സങ്കേതത്തിൽ എത്തിച്ച ശേഷം ഇവ തിരികെ വരാതിരിക്കാൻ അതിർത്തിയിൽ വനം വകുപ്പ് സ്ഥാപിച്ച താൽക്കാലിക വൈദ്യുതി വേലിയും ഫാം അതിരിലെ സോളർ തൂക്കുവേലിയും ചാർജ് ചെയ്യാനുമാണു തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.