പേരാവൂർ: ആറളത്തെ ആനമതിലിന്റെ നിർമാണ പുരോഗതി മോണിറ്ററിങ് സമിതി വലയിരുത്തി. നിർമാണത്തിന്റെ ഓരോ ഘട്ടവും വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് കെട്ടിടനിർമാണ വിഭാഗം, വനംവകുപ്പ്, പട്ടിക വർഗവികസന വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ മന്ത്രിതല സംഘം പ്രത്യേക മോണിറ്ററിങ് സമിതിക്ക് രൂപം നൽകിയിരുന്നു.
ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുന്നതിനും പരാതികൾ ഒഴിവാക്കുന്നതിനും പ്രവൃത്തിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമാണ് നടപടി. മതിലിന്റെ തൂണുകളുടെ കോൺക്രീറ്റ് ഉടൻ നടത്തും.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ മുപ്പതിനാണ് വളയം ചാലിൽ മൂന്നു മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആനമതിൽ നിർമാണം ഉദ്ഘാടനം ചെയ്തത്. ആദ്യ റീച്ചിലെ മൂന്നു കിലോമീറ്റർ ദൂരത്താണ് പ്രവൃത്തി തുടങ്ങിയത്. ബ്ലോക്ക് 55ൽ വനം ഓഫിസ് പരിസരത്ത് കോൺക്രീറ്റ് തൂണുകൾക്കുള്ള കമ്പി ഉറപ്പിച്ചിട്ടുണ്ട്.
മഴ പൂർണ്ണമായും മാറിയാൽ ഉടൻ കോൺക്രീറ്റ് നടക്കും. പത്തര കിലോമീറ്റർ മതിലിന് 37.9 കോടി രൂപയ്ക്ക് കാസർകോട് സ്വദേശി റിയാസ് ബർക്ക ആണ് കരാർ എടുത്തത്. ഒരു വർഷമാണ് നിർമാണ കാലാവധി. മതിൽ കടന്നുപോകുന്ന പ്രദേശങ്ങളെ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നതിനായി മോണിറ്ററിങ് സമിതി മതിലിന്റെ 7.5 കിലോമീറ്റർ മുതൽ 10.5 കിലോമീറ്റർ വരെയുള്ള വനാതിർത്തിയിൽ വിശദമായ പരിശോധനയും നടത്തി.
പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ എ. വിശ്വപ്രകാശ്, എക്സിക്യൂട്ടിവ് എൻജിനീയർ ഷാജി തയ്യിൽ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ലജീഷ് കുമാർ അസി. എൻജിനീയർ പി. സനില ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. രമേശൻ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ ജി. പ്രമോദ്, സൈറ്റ് മാനേജർ കെ.വി അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.