പേരാവൂർ: മലയോര പഞ്ചായത്തുകളിലെ ടാറിങ് പ്രവൃത്തികൾ കരാർ ഏറ്റെടുക്കാതെ ബഹിഷ്കരിക്കാൻ കരാറുകാരുടെ കോഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ഡബിൾ ബാരൽ പ്ലാന്റുപയോഗിച്ച് മാത്രമേ ടാറിങ് പ്രവൃത്തി നടത്താൻ പാടുള്ളൂവെന്ന തദ്ദേശസ്വയംഭരണ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്നാണിത്.
ഹൈവേയിലും മറ്റും മാത്രം പ്രവൃത്തി നടത്തുന്ന ഡബിൾ ബാരൽ പ്ലാന്റ് വീതി കുറഞ്ഞതും കയറ്റം കൂടിയതുമായ മലയോരമേഖലയിലെ റോഡുകളിൽ കൊണ്ടുപോകൽ പ്രായോഗികമല്ല. പഞ്ചായത്തുകളിലെ എല്ലാ വാർഡിലും 100 മീറ്ററിൽ താഴെയുള്ള റോഡുകളാണ് ഈ വർഷം ടാറിങ്ങിന് വേണ്ടി വകയിരുത്തിയിട്ടുള്ളത്.
ഡബിൾ ബാരൽ പ്ലാന്റുപയോഗിച്ച് ടാറിങ് ചെയ്യാൻ മിനിമം 500 മീറ്ററെങ്കിലും വേണം. ഈയൊരു സാഹചര്യത്തിൽ കരാർ ഏറ്റെടുക്കാൻ സാധ്യമല്ലാത്തതിനാലാണ് കരാർ ബഹിഷ്കരിക്കാൻ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ സംഘടനകളിൽപെട്ട കരാറുകാരടങ്ങുന്ന കോഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചത്. യോഗത്തിൽ ചെയർമാൻ സി.എം. പൈലി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.ഡി. മത്തായി, കൺവീനർ പോൾ കണ്ണന്താനം, മജീദ്, പി.ഇ. ശ്രീജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.