പേരാവൂർ: പേരാവൂര്‍ കോടഞ്ചാല്‍ വേക്കളം സ്വദേശിയും ടാപ്പിങ് തൊഴിലാളിയുമായ കോട്ടായി ഗണേശൻ (42) ഇരിട്ടി പുഴയിൽ ഒഴുക്കിൽപെട്ട് മരിച്ചു. കടത്തുംകടവിൽ താമസിച്ച് റബർ ടാപ്പിങ് നടത്തിവരുകയായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ ഇരിട്ടി പുഴയിലൂടെ ഒരാൾ ഒഴുകിവരുന്നതുകണ്ട് പഴയപാലം സ്വദേശി ഫാസിൽ ഇരിട്ടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ പൊലീസ് ഇരിട്ടി ഫയർഫോഴ്സിലും വിവരമറിയിച്ചു. ഫയർഫോഴ്സും പൊലീസും ചേർന്ന് ഇരിട്ടി പുതിയ പാലത്തിനു സമീപത്തും തന്തോടും തിരച്ചിൽ നടത്തുന്നതിനിടെ തന്തോട് ജങ്ഷനു സമീപത്തുള്ള പുഴയിലൂടെ ഗണേശൻ ഒഴുകിവരുന്നത് കണ്ടു. പുഴയിലിറങ്ങി ഫയർഫോഴ്സ് ഇയാളെ കരക്കെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.
ഇരിട്ടി സി.ഐ കെ.ജെ. ബിനോയ്, പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരി, ഫയർ സ്റ്റേഷൻ ഓഫിസർ രാജീവൻ, അസി. സ്റ്റേഷൻ ഓഫിസർ മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് സേനയും ചേർന്ന് മൃതദേഹം ഇരിട്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് മൃതദേഹ പരിശോധനക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. അവിവാഹിതനാണ്. പരേതരായ പുലപ്പാടി കൃഷ്ണെൻറയും കോട്ടായി കുഞ്ഞിമാതയുടെയും മകനാണ്. സഹോദരങ്ങൾ: കാർത്യായനി, ജനാർദനൻ, പുരുഷു, മധുസൂദനൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.