പേരാവൂർ: ആകെയുള്ള ഡോക്ടർമാരിൽ ഭൂരിഭാഗം പേരും അവധിയിലായതോടെ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾ ദുരിതത്തിലായി. സൂപ്രണ്ടടക്കം 14 ഡോക്ടർ തസ്തികയുള്ള ആശുപത്രിയിൽ നിലവിൽ എട്ടുപേർ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്.
സൂപ്രണ്ട് (ഒന്ന്), കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ (നാല്), അസി. സർജൻ (രണ്ട്), ഗൈനക്ക് (മൂന്ന്), പീഡിയാട്രിക് (ഒന്ന്), ഇ.എൻ.ടി. (ഒന്ന്), ജൂനിയർ കൺസൾട്ടന്റ് മെഡിസിൻ (രണ്ട്) എന്നിങ്ങനെ 14 പേരാണ് ഇവിടെ വേണ്ടത്.
സൂപ്രണ്ട് സ്ഥലം മാറ്റം ലഭിച്ച് പോയതിനാൽ 10 മാസമായി അസി. സർജന്മാരിൽ ഒരാളാണ് സൂപ്രണ്ട് ഇൻ ചാർജ്. ഇതോടെ ഈ വിഭാഗത്തിൽ ഒരാളുടെ കുറവ് വന്നു. നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർമാരിൽ രണ്ടുപേരും മെഡിസിൻ വിഭാഗത്തിലും ഒരാളും അവധിയിലാണ്. ദന്തരോഗവിഭാഗത്തിൽ ഡെന്റൽ അസി. സർജൻ പോസ്റ്റിലും ആളില്ല. എച്ച്.എം.സി. ഏർപ്പെടുത്തിയ താത്കാലിക ഡെന്റൽ അസി. സർജനാണുള്ളത്.
ഒ.പി.യിലും അത്യാഹിത വിഭാഗത്തിലുമാണ് ഏറെ തിരക്ക്. ദിവസവും ആയിരത്തോളം രോഗികൾ ഒ.പിയിലെത്തും. ഇത്രയുമാളുകളെ പരിശോധിക്കാൻ മിനിമം നാല് ഡോക്ടർമാരെങ്കിലും വേണം. അത്യാഹിത വിഭാഗത്തിൽ ദിവസം ശരാശരി 300 രോഗികളെത്തുന്നുണ്ട്. ഇവിടെ രണ്ട് ഷിഫ്റ്റിലായി രണ്ടുപേരും വേണം.
ജീവിതശൈലീരോഗ ക്ലിനിക്ക്, പനി ക്ലിനിക്, ട്രൈബൽ മൊബൈൽ മെഡിക്കൽ യൂനിറ്റ് എന്നിവക്കായി രണ്ട് ഡോക്ടർമാരും ആവശ്യമാണ്. ഇത്രയും ഡോക്ടർമാർ ആവശ്യമായിരിക്കെ, നിലവിലുള്ള നാലുപേർ അവധിയിലായിട്ടും ബദൽ സംവിധാനം ഒരുക്കാൻ അധികൃതർ തയാറാവുന്നില്ല.
ജോലി ക്രമീകരണ വ്യവസ്ഥയിൽ ഒരു പീഡിയാട്രീഷനും ഒരു അനസ്തറ്റിസ്റ്റുമുള്ളതിനൽ ശിശുരോഗ വിഭാഗം കുഴപ്പങ്ങളില്ലാതെ പോകുന്നുണ്ട്. സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ല. ഒ.പിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ സ്പെഷാലിറ്റി ഡോക്ടർമാരാണ് ഒ.പി ഡ്യൂട്ടി കൂടി ചെയ്യുന്നത്.
ഇതിനാൽ, ഇത്തരം സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ആവശ്യമായ രോഗികൾക്ക് യഥാസമയം സേവനം ലഭിക്കാത്ത സാഹചര്യമാണുള്ളത്. പകരം സംവിധാനം ഒരുക്കാൻ ആരോഗ്യ വകുപ്പ് തയാറാവണമെന്നാണ് ചികിത്സതേടിയെത്തുന്ന രോഗികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.