പേരാവൂർ: ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ ടൗണുകളിലുള്ള കടകളെയും സ്ഥാപനങ്ങളെയും സഹായിക്കാൻ ജൈവവള നിർമാണ യൂനിറ്റുമായി പേരാവൂർ പഞ്ചായത്ത്. പഞ്ചായത്തിൽ നടപ്പാക്കുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കുനിത്തലയിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ ട്രഞ്ചിങ് ഗ്രൗണ്ടിലാണ് യൂനിറ്റ് ഒരുങ്ങുന്നത്. 12 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. 10 സെന്റ് സ്ഥലത്ത് കെട്ടിട നിർമാണം പൂർത്തിയായി. ഇനി ആവശ്യമായ യന്ത്രങ്ങൾ സജ്ജീകരിക്കണം.
പഞ്ചായത്തിൽ നിന്നുള്ള ശുചീകരണ തൊഴിലാളികളാണ് മാലിന്യം ശേഖരിക്കുക. വിവിധ ഘട്ടങ്ങളിലുള്ള പ്രക്രിയയിലൂടെ അവ വളമാക്കി മാറ്റി പാക്ക് ചെയ്ത് വിപണിയിൽ എത്തിക്കുകയാണ് ചെയ്യുക.
പച്ചക്കറി മാലിന്യങ്ങൾ, ഹോട്ടലുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ഭക്ഷണ മാലിന്യങ്ങൾ തുടങ്ങിയവ ശാസ്ത്രീയമായി നിർമാർജനം ചെയ്യുകയും അവയിൽ നിന്നും വളം ഉൽപാദിപ്പിച്ച് കൃഷിക്കായി ഉപയോഗിക്കാമെന്ന നേട്ടം കൂടി പദ്ധതിയെ ശ്രദ്ധേയമാക്കുന്നു. അഞ്ചോളം പേർക്ക് തൊഴിൽ ലഭ്യമാക്കാനും കഴിയും.
നിർമാണ പ്രവൃത്തി പൂർത്തിയാക്കി യൂണിറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ പറഞ്ഞു. നിലവിൽ വീടുകളിലെ ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് കമ്പോസ്റ്റുകളും പഞ്ചായത്ത് ലഭ്യമാക്കുന്നുണ്ട്.
കൂടാതെ ജൈവവള നിർമാണ യൂനിറ്റിനോട് ചേർന്ന് തന്നെയാണ് പഞ്ചായത്തിന്റെ പുതിയ എം.സി.എഫും ഒരുങ്ങുന്നത്. 14 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന എം.സി.എഫിന്റെ നിർമാണ പ്രവൃത്തിയും അന്തിമ ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.