പേരാവൂർ: ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ തുരത്തൽ ദൗത്യം വിജയിക്കുന്നു. വെള്ളിയാഴ്ച അഞ്ച് ആനകളെ കാടുകയറ്റാനായി. ഇതോടെ ഫാം കൃഷിയിടത്തിൽനിന്നു 10 കാട്ടാനകളെ കാട്ടിലേക്ക് തുരത്തി.
വെള്ളിയാഴ്ച ബ്ലോക്ക് ഒന്നിൽ കണ്ടെത്തിയ ഒരുകുട്ടിയും നാല് പിടിയാനകളും അടങ്ങുന്ന സംഘത്തെയാണ് ആറ് മണിക്കൂർകൊണ്ട് അഞ്ച് കി.മീറ്ററോളം ഓടിച്ചു കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേത്തിലേക്കു കയറ്റി വിടാനായത്.
കാടുകയറിയ ആനകൾ തിരിച്ചു ഫാമിലേക്കു വരാതിരിക്കാൻ വൈദ്യുതി വേലി ചാർജുചെയ്തു. ഉച്ചക്കു ശേഷം ബ്ലോക്ക് 12ലെ ഹെലിപ്പാട് മേഖലയിൽ ഒരുകുട്ടി ഉൾപ്പെടെ രണ്ട് ആനകളെ കൂടി കണ്ടെത്തിയെങ്കിലും ഇവയെ തുരത്താനായില്ല. പടക്കം പൊട്ടിച്ചും മരം മുറി യന്ത്രം പ്രവർത്തിപ്പിച്ചും ഇവയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും തള്ളയാന വനപാലകർക്ക് നേരെ പലതവണ തിരിഞ്ഞതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
വ്യാഴാഴ്ച ആനകളെ തുരത്താനുള്ള ശ്രമത്തിനിടെ ഫാം സെക്യൂരിറ്റി ഓഫിസർ ഉൾപ്പെടെ മൂന്നുപേർ കാട്ടാനയുടെ പിടിയിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആനകൾക്ക് പിന്നാലെ ഇവർ സഞ്ചരിച്ച വാഹനത്തിനുനേരെ കൊമ്പൻ അക്രമാസക്തമായി തിരിയുകയായിരുന്നു. കടുത്ത വേനൽ മൂലമുള്ള കൊടും ചൂടിൽ ആനകൾ അക്രമാസക്തമാകുന്നത് കണ്ടതോടെ ഉച്ചകഴിഞ്ഞുള്ള ശ്രമം ദൗത്യസംഘം നിർത്തിവെക്കുകയായിരുന്നു.
ആന തുരത്തൽ ദൗത്യം നടക്കുന്നതിനാൽ ഫാമിൽ മൂന്ന് ദിവസമായി മുടങ്ങിക്കിടക്കുന്ന കശുവണ്ടി ശേഖരണം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. അതിനാൽ ഈ ദിവസങ്ങളിൽ ഫാം കൃഷിയിടത്തിൽ ആന തുരത്തൽ നടക്കില്ല.
എന്നാൽ, ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച ആനകളെ ഈ ദിവസങ്ങളിൽ തുരത്തും. ബ്ലോക്ക് 13ലെ ഓടച്ചാൽ മേഖലയിലും ബ്ലോക്ക് 10ലെ കോട്ടപ്പാറ മേഖലയിലും തമ്പടിച്ച കാട്ടാനകളെ കണ്ടെത്തി തുരത്താനാണ് ശ്രമം നടത്തുക.
കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ആറളം ഫാം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഡോ. കെ.പി. നിധീഷ് കുമാർ, വനം ദ്രുത പ്രതികരണ സേന ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനി കുമാർ, ഫോറസ്റ്റർ സി.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ കൊട്ടിയൂർ, വളയംചാൽ വനം ഉദ്യോഗസ്ഥർ ഉൾപ്പെടെ 50 അംഗ സംഘമാണു വിവിധ ടീമുകളായി ആന തുരത്തൽ യജ്ഞത്തിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.