ഇരിട്ടി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കംകുറിച്ച് നടക്കുന്ന നെയ്യാട്ടത്തിനുള്ള നെയ്യുമായി നെയ്യമൃത് സംഘങ്ങൾ യാത്രതിരിച്ചു. ഇടവ മാസത്തിലെ ചോതിമുതൽ മിഥുന മാസത്തിലെ ചിത്തിര വരെയുള്ള 28 ദിവസം നീണ്ടുനിൽക്കുന്നതാണ് ഉത്സവം.
ദിവസങ്ങൾ നീണ്ട വ്രതാനുഷ്ഠാനങ്ങൾക്കുശേഷമാണ് നെയ്യമൃത് സംഘങ്ങൾ കൊട്ടിയൂരിലേക്ക് യാത്രതിരിക്കുന്നത്. മുതിരേരിക്കാവിൽനിന്ന് എഴുന്നള്ളിച്ച് എത്തിക്കുന്ന മുതിരേരി വാൾ കൊട്ടിയൂരിലെത്തുന്നതോടെ നെയ്യാട്ടത്തിനുള്ള ചടങ്ങുകൾ ആരംഭിക്കും.
മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന നാട്ടിലെ നാനാഭാഗങ്ങളിലെ മഠങ്ങളില്‍നിന്നുള്ള വ്രതം നോറ്റവര്‍ ജന്മസ്ഥാനികരായ വില്ലിപ്പാലന്‍ വലിയകുറുപ്പ്, തമ്മേങ്ങാടന്‍ മൂത്ത നമ്പ്യാര്‍ എന്നിവര്‍ക്കൊപ്പം കൊട്ടിയൂരിലേക്ക് നീങ്ങും. ഞായറാഴ്ച ഉച്ചയോടെ ഇക്കരെ ക്ഷേത്രത്തിലെത്തി ബാവലിയില്‍ കുളിച്ച് പ്രസാദം സ്വീകരിച്ച് ഭക്ഷണം കഴിച്ച് വിശ്രമിക്കും.
സന്ധ്യയോടെ വയനാട്ടിലെ മുതിരേരിയില്‍നിന്ന് വാള്‍ എഴുന്നള്ളിച്ചെത്തിച്ചതിനുശേഷം സ്ഥാനികര്‍ അക്കരെ കൊട്ടിയൂരിലെ ദേവീ സ്ഥാനമായ മണിത്തറയില്‍ ചോതിവിളക്ക് തെളിക്കും. ഇതിനുശേഷമാണ് നെയ്യമൃത് വ്രതക്കാര്‍ അക്കരെ കൊട്ടിയൂരില്‍ പ്രവേശിക്കുക.
ഇതിനുശേഷം കണക്കപ്പിള്ള സമയം ഗണിച്ചുനല്‍കുകയും സമുദായി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം കൂടുകയും ചെയ്യും. ജന്മസ്ഥാനികരോട്, പരാതി എന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചശേഷം സമുദായി നെയ്യാട്ടത്തിന് അനുവാദം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.