പേരാവൂർ: മലയോര മേഖലയിൽ വീണ്ടും വ്യാജവാറ്റു കേന്ദ്രങ്ങൾ സജീവമാകുന്നു. ആറളം ഫാമിലും വനാതിർത്തി പ്രദേശങ്ങളിലും വ്യാജവാറ്റു കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പേരാവൂർ, കൂത്തുപറമ്പ്, ഇരിട്ടി, ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് പരിധിയിൽ നിരവധി വാറ്റുകേന്ദ്രങ്ങൾ കണ്ടെത്തി കഴിഞ്ഞ ദിവസങ്ങളിൽ തകർത്തിരുന്നു.
വനപ്രദേശങ്ങളിലും വ്യാജവാറ്റ് നടക്കുന്നുണ്ട്. കശുവണ്ടി സീസൺ തുടങ്ങിയതിനാൽ കശുമാങ്ങ ഉപയോഗിച്ചാണ് ആറളം ഫാം ഉൾപ്പെടെ പ്രദേശങ്ങളിൽ വാറ്റ് നടക്കുന്നത്. വാറ്റിയെടുക്കുന്ന മദ്യം വൻ വിലക്ക് വിറ്റഴിക്കുന്ന സംഘങ്ങളുണ്ട്. കോവിഡ് കേസുകൾ വർധിക്കുന്നതോടെ വീണ്ടും അടച്ചിടൽ ഉണ്ടായാൽ സാഹചര്യം മുതലെടുക്കാമെന്ന ലക്ഷ്യത്തോടെയാണ് വാറ്റുകേന്ദ്രങ്ങൾ സജീവമാകുന്നത്. എക്സൈസിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ ഒട്ടേറെപ്പേരെ ഇതിനിടെ അറസ്റ്റ് ചെയ്തു. ലിറ്റർ കണക്കിന് വാറ്റുചാരായവും വാഷും പിടികൂടി നശിപ്പിച്ചു.
പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും മലയോര പ്രദേശങ്ങളിൽ വ്യാജവാറ്റ് കേന്ദ്രങ്ങളുടെ എണ്ണം പെരുകിയതായാണ് റിപ്പോർട്ട്. മുമ്പ് വ്യാജവാറ്റ് കണ്ടെത്താന്‍ ഡ്രോണ്‍ സംവിധാനം ഉപയോഗിച്ച് വിവിധ പ്രദേശങ്ങളിൽ നിരീക്ഷണം നടത്തിയിരുന്നു. മലയോര മേഖലയും വനപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് വ്യാജവാറ്റ് കൂടുതലായും നടക്കുന്നത്. പലപ്പോഴും പൊലീസിനും എക്സൈസിനും എത്തിപ്പെടാൻ കഴിയാത്ത കേന്ദ്രങ്ങളാണ് ഇത്തരക്കാരുടെ താവളങ്ങൾ.
ഉദ്യോഗസ്ഥർ പരിശോധനക്കെത്തുമ്പോഴേക്കും പ്രതികൾ രക്ഷപ്പെടുകയാണ് പതിവ്. ഇത്തരം സംഭവങ്ങളിൽ വാഷ് പിടികൂടി നശിപ്പിക്കുക മാത്രമേ ഉദ്യോഗസ്ഥർക്ക് ചെയ്യാനാവൂ. എന്നാൽ, ഇത്തരം വ്യാജവാറ്റ് സംഘങ്ങളെ കുരുക്കാൻ ജനങ്ങളുടെ സഹകരണത്തോടെയുള്ള രഹസ്യനീക്കമാണ് എക്സൈസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.