പേരാവൂർ: പ്രകൃതിക്ഷോഭത്തിലും വന്യമൃഗശല്യത്തിലും കൃഷിനാശമുണ്ടായവർക്ക് സർക്കാർ നഷ്ടപരിഹാരം വൈകുന്നു. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽമഴയിൽ മലയോരത്തെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷിനാശമുണ്ടായിരുന്നു. മഴക്കാലത്തും കർഷകരുടെ വാഴ, നെല്ല് അടക്കമുള്ള വിളകൾ നശിച്ചു.
നെൽകൃഷി നശിച്ചവർക്ക് ഏക്കറിന് 12,000 രൂപ ഇൻഷുറൻസ് തുകയും ലഭിക്കും. കുലച്ച നേന്ത്രവാഴ ഒന്നിന് 300 രൂപ, പൂവന് 200 രൂപ എന്നിങ്ങനെയും ലഭിക്കും.
കൃഷിനാശം സംഭവിച്ചാൽ 15 ദിവസത്തിനകം സർക്കാർ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് ചട്ടം. എന്നാൽ, ഇൻഷുറൻസ് തുകപോലും കൃത്യമായി ലഭിക്കാത്ത കർഷകർ മലയോരമേഖലയിൽ നിരവധിയാണ്. ചില കർഷകർക്ക് ഇൻഷുറൻസ് തുക ലഭിച്ചെങ്കിലും സർക്കാർ നഷ്ടപരിഹാരം ലഭിച്ചില്ല. 2020ൽ കൃഷി നശിച്ച കർഷകർക്കുപോലും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ വനംവകുപ്പിൽനിന്ന് ലഭിക്കേണ്ട നഷ്ടപരിഹാരം വർഷങ്ങളായി കർഷകർക്ക് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. വനംവകുപ്പിൽ അന്വേഷിക്കുമ്പോൾ ഫണ്ടില്ല എന്നാണ് പറയുന്നതെന്നും കർഷകർ പറയുന്നു. കാട്ടാന, കുരങ്ങ് തുടങ്ങിയവയാണ് ഇവിടങ്ങളിൽ പ്രധാനമായും കൃഷിനാശം വരുത്തുന്നത്. നിലവിൽ പലയിടങ്ങളിലും വന്യമൃഗങ്ങൾ വ്യാപകമായി തെങ്ങ്, വാഴ തുടങ്ങിയ വിളകൾ നശിപ്പിക്കുന്നത് തുടരുകയാണ്. വന്യമൃഗങ്ങൾ നാശംവരുത്തി ദിവസങ്ങൾക്കകം ഓൺലൈനായി കർഷകർ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നൽകുന്നുണ്ട്.
നശിച്ച വിളകളുടെ എണ്ണം രേഖപ്പെടുത്തി അക്ഷയ സെൻററുകൾ വഴിയാണ് അപേക്ഷ നൽകുന്നത്. അപേക്ഷ പരിഗണിച്ച് വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് വിവരശേഖരണം നടത്തിയാണ് നഷ്ടപരിഹാരം നൽകുന്നത്. എന്നാൽ, പലപ്പോഴും വനംവകുപ്പ് അധികൃതർ സന്ദർശനം നടത്താറില്ലെന്ന് കർഷകർ പറയുന്നു. കൊട്ടിയൂർ, കേളകം, ഓടംതോട്, മടപ്പുരച്ചാൽ, പാൽചുരം, ആറളം ഫാം തുടങ്ങിയ മേഖലയിലുള്ള കർഷകർക്കാണ് നഷ്ടപരിഹാരം ഒരുവർഷത്തിലേറെയായി ലഭിക്കാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.