പേരാവൂർ: അഞ്ചുമാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ആറളം ഫാമിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും ഫാം മാനേജ്മെന്റ് ആശ്വാസ സഹായമായി നൽകിയത് 5000 രൂപ. അഞ്ചുമാസത്തെ വേതന കുടിശ്ശികയിൽ നിന്നാണ് 5000 രൂപ മാത്രം അനുവദിച്ചത്.
ഡിസംബർ മാസം അവസാനമാണ് തൊഴിലാളികളുടെയും ജീവനക്കാരുടെയും അക്കൗണ്ടിൽ 5000 രൂപ കയറിയത്. ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള അഞ്ചുമാസങ്ങളിൽ 150ൽ അധികം ദിവസങ്ങളിൽ ജോലിചെയ്തവർക്കാണ് നിസ്സാര തുക കൂലിയും വേതനവും അനുവദിച്ചിരിക്കുന്നത്.
ഫാമിൽ സ്ഥിരം തൊഴിലാളികളും താൽകാലിക തൊഴിലാളികളും ജീവനക്കാരുമടക്കം 390 പേരാണുള്ളത്. ഇതിൽ താൽകാലിക തൊഴിലാളികളും സ്ഥിരം തൊഴിലാളികളുമായി 200ഓളം പേർ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപെട്ടവരാണ്. നാലുമാസമായി നിത്യചെലവിനുള്ള വഴികണ്ടെത്താനാകാതെ വിഷമിക്കുകയാണിവർ.
അനുവദിച്ചിരിക്കുന്ന പണം കൊണ്ട് നിത്യോപയോഗ സാധനങ്ങൾ വാങ്ങിയ വകയിൽ കടകളിൽ കൊടുക്കാനുള്ള കടത്തിന്റെ പത്തിലൊന്ന് പോലും തീർക്കാൻ കഴിയില്ലെന്നാണ് തൊഴിലാളികളും ജീവനക്കാരും പറയുന്നത്. ജീവനക്കാർക്കുള്ള പി.എഫ് വിഹിതവും പിരിഞ്ഞ ജീവനക്കാർക്കുള്ള ആനുകൂല്യവിതരണവും നടക്കുന്നില്ല. ഇതിനുമാത്രമായി മൂന്ന് കോടിയോളം രൂപ വേണ്ടിവരുമെന്നാണ് ഫാം മാനേജ്മെന്റ് പറയുന്നത്.
ഒരുമാസത്തെ ശമ്പളം മാത്രം നൽകാൻ 70 ലക്ഷത്തോളം രൂപ വേണം. അഞ്ചുമാസത്തെ വേതന കുടിശ്ശിക തീർക്കാൻ 3.5 കോടിയിലധികം രൂപ വേണ്ടിവരും. പിരിഞ്ഞുപോയ സ്ഥിരം തൊഴിലാളികൾക്കും ജീവനക്കാർക്കുമായി നൽകാനുള്ള ബാധ്യത രണ്ട് കോടിയിലധികമുണ്ട്. ഇതിനുള്ള വരുമാനം ഫാമിൽ നിന്ന് ലഭിക്കുന്നില്ല.
ഇതിനിടെ താൽകാലിക നിയമനവും തകൃതിയായി നടക്കുന്നുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ മഞ്ഞൾ കൃഷിപോലും വൻ നഷ്ടത്തിലാണ്. അടിക്കടി കടക്കെണിയിലേക്ക് കൂപ്പുകുത്തുന്ന ഫാമിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലായ അവസ്ഥയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.