പേരാവൂർ: ജില്ലയിൽ ഏറ്റവുമധികം പ്രസവം നടന്നിരുന്ന ആശുപത്രികളിലൊന്നായ പേരാവൂർ താലൂക്ക് ആശുപത്രിയിലെ പ്രസവശുശ്രൂഷ വിഭാഗത്തിന്റെ പ്രവർത്തനം ആവശ്യത്തിന് ഡോക്ടർമാരില്ലാതായതോടെ അവതാളത്തിലായി. മാസം ശരാശരി 100നും 120നുമിടയിൽ പ്രസവം നടന്നിരുന്ന ഇവിടെയിപ്പോൾ 40 പ്രസവങ്ങൾ മാത്രമാണ് നടക്കുന്നത്.
മൂന്ന് ഡോക്ടർമാരുണ്ടായിരുന്നിടത്ത് രണ്ടുപേർ സ്ഥലം മാറിപ്പോയതോടെയാണ് പ്രസവശുശ്രൂഷ പകുതിയിലും താഴെയായത്. ഗൈനക്കോളജി വിഭാഗത്തിൽ മൂന്നുപേർ ഉണ്ടാവേണ്ട സ്ഥാനത്ത് കഴിഞ്ഞ ആറുമാസമായി ഒരു ഡോക്ടറുടെ സേവനമാണുള്ളത്. സ്ഥലംമാറിയവർക്ക് പകരക്കാരെ നിയമിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
ഏറ്റവുമധികം ആദിവാസികൾ തിങ്ങിപ്പാർക്കുന്ന പേരാവൂർ ബ്ലോക്കിലെ ഏക താലൂക്കാശുപത്രിയാണിത്. സംസ്ഥാനത്ത് ഏറ്റവും വലിയ ട്രൈബൽ സെറ്റിൽമെന്റായ ആറളം പുനരധിവാസമേഖലയിലുള്ളവരും ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. ഗൈനക്കോളജിസ്റ്റുമാരെ നിയമിക്കാനാവശ്യപ്പെട്ട് എല്ലാമാസവും ഇരിട്ടി താലൂക്ക് വികസനസമിതി യോഗങ്ങളിൽ ആശുപത്രി സൂപ്രണ്ട് വിഷയം അവതരിപ്പിക്കാറുണ്ട്.
സണ്ണി ജോസഫ് എം.എൽ.എ ഇക്കാര്യം നിയമസഭയിലും അവതരിപ്പിച്ചിരുന്നു. എന്നാൽ, ആരോഗ്യവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. വർഷം ആയിരത്തിലധികം പ്രസവങ്ങൾ നടന്നിരുന്ന പേരാവൂർ താലൂക്ക് ആശുപത്രിയോട് അധികൃതർ അവഗണന തുടരുന്നതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ആദിവാസി ഗർഭിണികളിൽ ഭൂരിഭാഗവും പ്രസവവേദനയുണ്ടാവുന്ന സാഹചര്യങ്ങളിൽ മാത്രമാണ് ആശുപത്രിയിലെത്തുക. അവസാനനേരത്ത് എത്തുന്ന ഗർഭിണികൾക്കാവശ്യമായ സേവനം നൽകാൻ ഡോക്ടറുടെ അഭാവം മൂലം സാധിക്കാതെ വരുന്നുണ്ട്.
അത്തരം സാഹചര്യങ്ങളിൽ അമ്പതോളം കിലോമീറ്റർ ദൂരെയുള്ള ജില്ല ആശുപത്രിയിലേക്കോ തലശ്ശേരി ജനറൽ ആശുപത്രിലേക്കോ ഗർഭിണിയെ കൊണ്ടുപോകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവനെത്തന്നെ ബാധിച്ചേക്കും. പേരാവൂർ താലൂക്ക് ആശുപത്രിയിലെ ദുരവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.