പേരാവൂർ (കണ്ണൂർ): അഗതികൾക്കും അനാഥർക്കും അഭയകേന്ദ്രമായ പേരാവൂർ തെറ്റുവഴിയിലെ കൃപാഭവൻ കോവിഡ് വ്യാപനത്തിൻെറ പിടിയിൽ. കഴിഞ്ഞ ശനിയാഴ്ചയും ചൊവ്വാഴ്ചയുമായി കോവിഡ് ബാധിച്ച് നാല് അന്തേവാസികൾ മരിച്ചതോടെ കടുത്ത ആശങ്കയിലാണ് സ്ഥാപന നടത്തിപ്പുകാർ. കൃപാഭവനിലും സ്ത്രീകൾക്കുള്ള മരിയ ഭവനിലുമായി മുന്നൂറോളം അന്തേവാസികൾ ഉള്ളതിൽ 90ഓളം പേർക്ക് കോവിഡ് ബാധിച്ചു. ഇതിൽ 59പേർ സ്ത്രീകളാണ്. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് ബാധിച്ച് നാലുപേർ മരിച്ചതു കൂടാതെ, മൂന്നു പേർ ഇപ്പോഴും കൃപാഭവനിൽതന്നെ ഗുരുതരാവസ്ഥയിലാണ് കഴിയുന്നതെന്ന് സ്ഥാപന ഡയറക്ടർ സന്തോഷ് പറഞ്ഞു.
ശനിയാഴ്ച ഒരാളും ചൊവ്വാഴ്ച മൂന്നുപേരുമാണ് മരിച്ചത്. കണിച്ചാർ ചാണപ്പാറ സ്വദേശിനി പള്ളിക്കമാലിൽ മേരി (60), മാനന്തേരി കാവിന്മൂല സ്വദേശി സജിത്ത് (33), ഉത്തർപ്രദേശ് സ്വദേശി സന്ദേശ് (43) എന്നിവരാണ് ചൊവ്വാഴ്ച മരിച്ചത്. മുരിങ്ങോടി സ്വദേശി രാജനാണ് (72) ശനിയാഴ്ച മരിച്ചത്. കോവിഡായതിനാൽതന്നെ മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും അഗതി മന്ദിരത്തിൽതന്നെ ചികിത്സ ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിച്ചാൽ നന്നാവുമെന്നും സന്തോഷ് പറയുന്നു. മറ്റു വിവിധ അസുഖങ്ങൾ പിടിപെട്ടവരാണ് അഗതി മന്ദിരത്തിലെ അന്തേവാസികൾ. അവരിൽ പലർക്കും കോവിഡ് കൂടി വന്നതോടെ കടുത്ത ആശങ്കയിലും പ്രതിസന്ധിയിലുമാണ് സ്ഥാപന നടത്തിപ്പുകാർ. അധികൃതർ ഇടപെട്ട് സഹായം എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. രോഗികളിൽ ഏറെയും മാനസിക അസ്വസ്ഥതയുള്ളവരായതിനാൽ കോവിഡ് ബാധിക്കുകയും ചെയ്തതോടെ പുറത്തിറക്കാനാവാത്ത അവസ്ഥയാണ്.
അതിനാൽ വിദഗ്ധ വൈദ്യസംഘത്തിൻെറ സേവനം കൃപാ ഭവനിൽ എത്തിച്ചില്ലെങ്കിൽ സ്ഥിതിഗതികൾ രൂക്ഷമായി മരണസംഖ്യ ഉയരാനിടയുണ്ട്. നിലവിൽ മരിച്ചവരെ സംസ്കരിക്കാൻ കൊണ്ടുപോകുന്നതിന് ആംബുലൻസും സന്നദ്ധ പ്രവർത്തകരുടെ സേവനവും ലഭിക്കാത്തതും പ്രതിസന്ധിയാണ്. സ്ഥാപന നടത്തിപ്പുകാർക്കും രോഗികളെ പരിചരിക്കുന്ന നഴ്സുമാർക്കുംകൂടി രോഗം ബാധിച്ചതിനാൽ അന്തേവാസികളായ രോഗികൾ ദുരിതക്കിടക്കയിലാണ്. സ്ഥിതിഗതികൾ രൂക്ഷമായിട്ടും ആരോഗ്യ വകുപ്പ് അധികൃതർ നേരിട്ടെത്തി ചികിത്സ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പരാതി ഉയർന്നു. രോഗം പിടിമുറുക്കിയ കൃപാ ഭവനിൽ അടിയന്തര വൈദ്യസഹായമെത്തിക്കാൻ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കലക്ടർ, ജില്ല മെഡിക്കൽ ഓഫിസർ എന്നിവരോട് ആവശ്യപ്പെട്ടതായി അഡ്വ. സണ്ണി ജോസഫ് എം.എൽ.എ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.