പേരാവൂർ: കാട്ടാന ഭീഷണിയെ തുടർന്ന് ആറളം ഫാം കീഴ്പ്പള്ളി- പാലപ്പുഴ റോഡിൽ രാത്രി യാത്ര നിലച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ രാത്രി ഡ്യൂട്ടിയും ഒഴിവാക്കി. ആറളം ഫാമിൽ ആറാം ബ്ലോക്കിൽ കക്കുവക്ക് സമീപം കാട്ടാനക്കൂട്ടം കീഴ്പ്പള്ളി- പാലപ്പുഴ റോഡരികിൽ സ്ഥിരമായി താവളമാക്കിയതോടെയാണ് അപകടഭീതിയിൽ ഇതുവഴിയുള്ള രാത്രി യാത്ര നിലച്ചത്.
കക്കുവയിൽ ഏർപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരുടെ രാത്രി ഡ്യൂട്ടിയാണ് ഫാം അധികൃതർ ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം സെക്യൂരിറ്റി ഓഫിസിന് സമീപമെത്തിയ ആനക്കൂട്ടം റോഡരികിൽ മുമ്പ് ഹോട്ടലായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർത്തിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും വളർന്ന് പന്തലിച്ചു നിന്ന മുളച്ചെടികളും വ്യാപകമായി നശിപ്പിച്ചു.
ഒരുമാസത്തിലധികമായി ആനക്കൂട്ടം ഇവിടങ്ങളിലാണ് രാത്രികളിൽ താവളമാക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. റോഡിലും റോഡിനോട് ചേർന്ന ഭാഗത്തും സ്ഥിരമായി ആനകളെ കണ്ടതോടെ ഇതുവഴി വൈകീട്ട് ആറിന് ശേഷം സ്ഥിരമായി പോകുന്ന വാഹനങ്ങൾ പോലും പോകാതെയായി.
ആദിവാസി കുടുംബങ്ങൾക്ക് പതിച്ചു നൽകിയ ഭൂമിയോട് ചേർന്ന പ്രദേശമാണിത്. വൈകീട്ട് ആറുമണി കഴിഞ്ഞാൽ പ്രദേശവാസികളാരും പുറത്തിറങ്ങാറില്ല. കീഴ്പ്പള്ളിയും ആറളം ഫാമുമായി അതിർത്തി പങ്കിടുന്ന കക്കുവ പുഴയോട് ചേർന്ന ഭാഗത്താണ് ആനഭീഷണി രൂക്ഷമായിരിക്കുന്നത്. ഫാമിന്റെ അധീനതയിലുള്ള ഭൂമിയിൽ വളർന്നു നിൽക്കുന്ന മുള തിന്നാനാണ് ആനക്കൂട്ടം എത്തുന്നത്.
വൈകീട്ട് ആറോടെ ഒറ്റയായും കൂട്ടമായും എത്തുന്ന ആനക്കൂട്ടം പുലർച്ചെ അഞ്ചു വരെയെങ്കിലും മേഖലയിലുണ്ടാകും. പത്തിലധികം ആനകളുണ്ടെന്നാണ് പറയുന്നത്. ആനശല്യം രൂക്ഷമായതോടെ പുലർച്ചെയുള്ള ടാപ്പിങ് തൊഴിലും വൈകിയാണ് ആരംഭിക്കുന്നത്.
ആറളം ഫാം നിലവിൽ വന്നതുമുതലുള്ള സുരക്ഷ സംവിധാനമാണ് ആന ഭീഷണി മൂലം ഇല്ലാതായിരിക്കുന്നത്. ഫാമിന്റെ അതിർത്തിയായ കക്കുവയിലും പലപ്പുഴയിലും രണ്ട് സുരക്ഷ ഓഫിസുകളാണ് ഉണ്ടായിരുന്നത്. ഫാം കേന്ദ്ര സർക്കാറിന്റെ അധീനതയിലുള്ളതു മുതൽ തുടങ്ങിയതായിരുന്നു. എട്ട് മണിക്കൂർ വീതമുള്ള മൂന്ന് ഷിഫ്റ്റുകളായാണ് സുരക്ഷ ഒരുക്കിയിരുന്നത്.
ഫാമിലേക്ക് വരുന്നതും പോകുന്നതുമായ ഏത് വാഹനവും പരിശോധനക്ക് വിധേയമായിരുന്നു. ഫാമിലെ വിഭവങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം അനധികൃത കടന്നുകയറ്റവും തടയുകയായിരുന്നു ലക്ഷ്യം. ആന ഭീഷണി രൂക്ഷമായതോടെ കക്കുവ അതിർത്തിയിൽ രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെയായി ചുരുക്കി.
ആനക്കൂട്ടം വൻതോതിൽ എത്തിയതോടെ പ്രദേശവാസികൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. വനമേഖലയിൽ നിന്നും കിലോമീറ്റർ അകലെയുള്ള പ്രദേശമായിട്ടും ആനകളെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ ഒന്നും ഉണ്ടാകുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.