പേരാവൂർ: കൊട്ടിയൂരിൽ ഭർതൃമതിയെ കെട്ടിയിട്ട് തോക്കുചൂണ്ടി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയെ പേരാവൂർ ഡിവൈ.എസ്.പിയും സംഘവും ആന്ധ്രപ്രദേശിൽനിന്ന് അറസ്റ്റ് ചെയ്തു. തൊട്ടിൽപാലം കാവിലുംപാറ സ്വദേശി പെരുമാലിൽ റോജസ് എന്ന ജിസ്മോനെയാണ് (33) ആന്ധ്രയിലെ വിശാഖപട്ടണത്തുവെച്ച് പേരാവൂർ ഡിവൈ.എസ്.പി ടി.പി. ജേക്കബിെൻറ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
നാലു പ്രതികളുള്ള കേസിലെ രണ്ടുപേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇടുക്കി സ്വദേശിയായ ഒരാൾകൂടി പിടിയിലാവാനുണ്ട്. എസ്.ഐ ഇ.കെ. രമേശ്, എ.എസ്.ഐ കെ.വി. ശിവദാസൻ, രജീഷ്, മഹേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
റോജസ് കേരളത്തിലെ വിവിധ ജില്ലകളിലും ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൊട്ടിയൂരിലെ സംഭവത്തിനുശേഷം ആന്ധ്രയിൽ ഒളിവിൽപോയ പ്രതി അവിടെ 75 കിലോഗ്രാം കഞ്ചാവ് കൈവശംവെച്ച കേസിലും പ്രതിയായി.
2018ൽ കാസർകോട്ട് എം.ടെക്കുകാരനെ ജാക്കി ലിവർ കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപിച്ച കേസ്, പഴയങ്ങാടിയിൽ ബലാത്സംഗക്കേസ് എന്നിവയിലും ഇയാൾ പ്രതിയാണ്. കൂടാതെ തിരൂർ, കുറ്റ്യാടി, തൊട്ടിൽപാലം തുടങ്ങിയ സ്ഥലങ്ങളിൽ കഞ്ചാവ്, തോക്ക് കേസുകളും ഇയാളുടെ പേരിലുണ്ട്. നിലവിൽ കൊട്ടിയൂരിലെ കേസിെൻറ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
2020 ജനുവരി 16നാണ് കേസിനാസ്പദമായ സംഭവം. അമ്പായത്തോട്ടിലെ ഷെഡിൽ വീട്ടമ്മയെയും ഭർത്താവിനെയും കെട്ടിയിട്ടശേഷം തോക്കുചൂണ്ടി പീഡിപ്പിക്കുകയായിരുന്നു. പ്ലാസ്റ്റിക് കയർ, ടേപ് എന്നിവ ഉപയോഗിച്ച് ബന്ധിച്ച് ഗുളിക നൽകി പീഡിപ്പിക്കുകയും ഫോണിൽ പകർത്തുകയും സ്വർണം, പണം, മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ കവരുകയും ചെയ്തു. എ.ടി.എം കാർഡ് കൈക്കലാക്കി ഭീഷണിപ്പെടുത്തി രഹസ്യ പിൻകോഡ് വാങ്ങിയതായും മുഖ്യമന്ത്രി, എസ്.പി തുടങ്ങിയവർക്ക് ഇവർ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.