പേരാവൂർ: ആറളം ഫാമിൽ ദുരിതപർവം താണ്ടി തൊഴിലാളികളും ജീവനക്കാരും. ആറളം ഫാമിൽ ആറു മാസമായി വേതനം കിട്ടാതായ ഫാമിലെ നാനൂറിലധികം തൊഴിലാളികളും ജീവനക്കാരും ദുരിതജീവിതത്തിലാണ്. ഓണത്തോടനുബന്ധിച്ച് സർക്കാർ കനിഞ്ഞ് ഒന്നരക്കോടി രൂപ വിതരണം നടത്തിയെങ്കിലും ഒക്ടോബർ ഉൾപ്പെടെ ആറ് മാസത്തെ ശമ്പളം കിട്ടാനുണ്ട്. തൊഴിലാളികളും ജീവനക്കാരുമായ ഫാമിലെ 425ഓളം പേർ കാത്തിരിപ്പാണ്.
300ൽഅധികം പേരും ആദിവാസി വിഭാഗങ്ങളിൽനിന്നുള്ളവരാണ്. ശമ്പളം എന്ന് നൽകുമെന്ന് പറയാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഫാം മാനേജ്മെന്റ്. തൊഴിലാളികളുടെ പി.എഫ് വിഹിതവും അടച്ചിട്ടില്ല. പിരിഞ്ഞുപോയ തൊഴിലാളികൾക്ക് ആനുകൂല്യങ്ങളൊന്നും അനുവദിച്ചിട്ടില്ല. ഫാമിലെ ദുരവസ്ഥ പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് നിരന്തരം സർക്കാറിലേക്ക് കത്തയക്കുന്നത് തുടരുകയാണിപ്പോഴും. വൈവിധ്യവത്കരണത്തിലൂടെ തൊഴിലും വരുമാനവും വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളും മന്ദഗതിയിലായി.
പലതും നാമമാത്രമായി നടക്കുന്നുണ്ടെങ്കിലും സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനം കണ്ടെത്താൻ ഫാമിന് കഴിഞ്ഞിട്ടില്ല. 25ഓളം വരുന്ന ജീവനക്കാർക്കും 400ഓളം വരുന്ന തൊഴിലാളികൾക്കും ഒരു മാസത്തെ ശമ്പളം മാത്രം അനുവദിക്കണമെങ്കിൽ 70 ലക്ഷത്തോളം രൂപ വേണം. ഫാമിന്റെ പ്രധാന വരുമാന മാർഗമായിരുന്ന തെങ്ങിൽനിന്നുള്ള വരുമാനം പത്തിലൊന്നായി കുറഞ്ഞു.
ആറ് വർഷത്തിനിടയിൽ കാട്ടാന ശല്യം മൂലം 7500 ഓളം തെങ്ങുകളെങ്കിലും നശിച്ചു. അവശേഷിക്കുന്ന തെങ്ങുകൾ കുരങ്ങ് ശല്യം മൂലം വരുമാനം ഇല്ലാത്തതുമായി. കശുവണ്ടിയിൽനിന്നുള്ള വരുമാനത്തിൽ ഒരു കോടിയിലധികം രൂപയുടെ കുറവുണ്ടായതും പ്രതിസന്ധി രൂക്ഷമാക്കി. ഫാമിന്റെ പ്രതിസന്ധി തരണം ചെയ്യാൻ പത്തരക്കോടി രൂപ അടിയന്തരമായി വേണം. ആറളം ഫാമിലെ പ്രതിസന്ധി സർക്കാറിന്റെ ശ്രദ്ധയിലുണ്ടെന്നും വരും ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ പ്രതിസന്ധി പരിഹരിക്കാൻ നടപടിയുണ്ടാവുമെന്നുമുള്ള പ്രതീക്ഷയിലാണ് ഫാം മാനേജ്മെൻറ്. ഫാമിന്റെ ദൈനംദിന പ്രവർത്തനങ്ങളും മുടക്കത്തിലാണ്.
വാഹനങ്ങളിൽ ഇന്ധനം നിറച്ച ഇനത്തിലും ലക്ഷങ്ങൾ കടത്തിലാണ് ആറളം ഫാം. ഇതിനിടെ, ആറളം ഫാമിലെ ഇല്ലായ്മയിൽനിന്ന് നേട്ടം കൊയ്യാൻ മാവോവാദികൾ ആറളത്ത് ശ്രമം നടത്തുന്നതായും തങ്ങളുടെ പാതയിലേക്ക് ആളുകളെ ക്ഷണിക്കുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.