പേരാവൂർ: കശുവണ്ടി വിളവെടുപ്പ് കാലമായതോടെ ഇഷ്ടഭോജ്യമായ കശുമാങ്ങ ഭക്ഷിക്കാൻ തോട്ടങ്ങളിൽ തമ്പടിച്ച് കാട്ടാനകൾ. ആറളം കാർഷിക ഫാമിൽ മാസങ്ങളായി തമ്പടിച്ച കാട്ടാനക്കൂട്ടം തൊഴിലാളികൾക്ക് ഭീഷണിയാവുകയാണ്. കാട്ടാനകൾ കാർഷിക ഫാമിൽ മതിച്ചു നടന്നിട്ടും ഇവയേ കാട്ടിലേക്ക് തുരത്താൻ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടി ഉണ്ടാകുന്നില്ലന്ന് പരാതിയുണ്ട്. കാട്ടാനകൾ ഭീതിപരത്തുന്നതിനാൽ ഇത്തവണ കശുവണ്ടി ശേഖരണം പകുതിയായി കുറഞ്ഞു.
ഇത് ഫാമിന്റെ നിലനിൽപ്പിനെ ബാധിക്കും. ആനകളെ കാട്ടിലേക്ക് തുരത്താൻ വനം വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആറളം ഫാം അധികൃതർ ആവശ്യപ്പെടുന്നത്. ഫാമിന്റെ കശുവണ്ടി ശേഖരിക്കുന്ന തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ വനപാലകരുടെ സേവനവും ഇവർ ആവശ്യപ്പെടുന്നു. കശുമാവ് വിളവെടുപ്പ് കാലമായതോടെ മാങ്ങ ഭക്ഷിക്കാൻ കാട്ടാനകൾ തോട്ടങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്.
ആറളം ഫാമിലെ കശുവണ്ടി വിളവെടുപ്പ് പാട്ടത്തിന് നൽകിയിരുന്നു. എന്നാൽ, ആനശല്യം മൂലം വിളവെടുപ്പ് സാധ്യമാവാതെ പാട്ടത്തിനെടുത്തവർ കടക്കെണിയിലായി. തോട്ടം തെളിച്ച കൂലി പോലും കശുമാവ് തോട്ടത്തിനിന്ന് ലഭിക്കില്ലെന്ന് പരിതപിക്കുകയാണ് പാട്ടത്തിനെടുത്തവർ. കശുവണ്ടി വിളവെടുപ്പ് മുടങ്ങുന്നത് ഫാമിന്റെ വരുമാനത്തെയും ബാധിക്കുന്നതാണ്.
തെങ്ങ് ഉൾപ്പെടെയുള്ള കാർഷികവിളകൾ ഓരോദിവസവും കാട്ടാനകൾ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഫാമിലെ പതിനായിരത്തിലധികം തെങ്ങുകളാണ് കാട്ടാനകൾ വർഷങ്ങൾ കൊണ്ട് നശിപ്പിച്ചത്. കാട്ടാനകളുടെ വിഹാരം ഫാമിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവന് തന്നെ ഭീക്ഷണിയാവുകയാണ് കശുവണ്ടി ശേഖരിക്കാൻ ഭയക്കുകയാണ് തൊഴിലാളികൾ. ഫാമിലെ തൊഴിലാളികളെ കാട്ടാന ഓടിച്ച് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.