കണ്ണൂർ: നടാലിൽ സിൽവർലൈൻ സർവേയുടെ ഭാഗമായി നാട്ടിയ കല്ല് പിഴുതെടുക്കാനെത്തിയ കെ. റെയിൽ വിരുദ്ധ മുന്നണി, യു.ഡി.എഫ് പ്രവർത്തകരെ നേരിടാനൊരുങ്ങി സി.പി.എം. കഴിഞ്ഞ കുറച്ചുമാസമായി സിൽവർലൈൻ കല്ലിടലും പ്രതിഷേധവും ജില്ലയിൽ നടക്കുന്നുണ്ടെങ്കിലും പരസ്യമായി പ്രതിഷേധക്കാരെ നേരിടുന്നത് ആദ്യമാണ്. ഊർപഴശ്ശിക്കാവ് യു.പി സ്കൂളിന് സമീപം കല്ലിക്കകത്ത് പുഷ്പലതയുടെ വീടിനടുത്ത് സ്വകാര്യ സ്ഥലത്ത് നാട്ടിയ കുറ്റി കെ. റെയിൽ വിരുദ്ധ മുന്നണിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ പിഴുതെറിയാൻ ശ്രമിച്ചതോടെയാണ് സി.പി.എം പ്രവർത്തകർ പ്രതിരോധിച്ചത്. കല്ലിടുന്നതിനെതിരെ പ്രദേശത്തെ വീട്ടുകാരോട് പ്രതിഷേധിക്കാൻ യു.ഡി.എഫ് പ്രവർത്തകർ ആവശ്യപ്പെടുന്നത് സി.പി.എം ചോദ്യം ചെയ്തു. ഇതോടെ കൈയാങ്കളിയായി. സംഘർഷത്തിലേക്ക് മാറിയതോടെ പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും മാറ്റുകയായിരുന്നു.
മർദനത്തിൽ കോൺഗ്രസ് പ്രവർത്തകൻ ഉണ്ണികൃഷ്ണന് പരിക്കേറ്റു. മറ്റ് പ്രദേശങ്ങളിൽനിന്ന് സംഘടിച്ചെത്തിയ യു.ഡി.എഫ് പ്രവർത്തകരാണ് സമരത്തിന് പിന്നിലെന്നും പുറത്തുനിന്നും ആളുകളെത്തി കല്ലിടൽ തടയുന്നത് സമ്മതിക്കില്ലെന്നുമായിരുന്നു സി.പി.എം നിലപാട്. വീട്ടുടമകളുടെ സമ്മതത്തോടെ കല്ലിടുന്നത് തടയാൻ അവകാശമില്ലെന്നും സി.പി.എം ഏരിയ കമ്മിറ്റിയംഗം പ്രകാശൻ പറഞ്ഞു. തന്റെ സ്ഥലത്ത് നാട്ടിയ കല്ല് കെ. റെയിൽ വിരുദ്ധ മുന്നണി പിഴുതതിനെതിരെ സ്ഥലമുടമ രംഗത്തുവന്നതും വാക്കുതർക്കത്തിനിടയാക്കി. സംഘർഷത്തെ തുടർന്ന് ഉച്ചയോടെ ഇരുകൂട്ടരും സംഘടിച്ചതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. രണ്ട് സി.പി.എം പ്രവർത്തകരെ അടക്കം 10 പേരെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്ത സി.പി.എം പ്രവർത്തകരും പൊലീസും തമ്മിലും വാക്കേറ്റമുണ്ടായി. എടക്കാട് പൊലീസ് സ്റ്റേഷൻ പരിസരത്ത് ഉച്ചക്ക് 12ഓടെ കല്ല് നാട്ടുന്നത് കെ റെയിൽ വിരുദ്ധ മുന്നണിയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. രാവിലെ എട്ടോടെ കല്ലുമായി വാഹനം എത്തിയെങ്കിലും കെ. റെയിൽ സ്പെഷൽ തഹസിൽദാറും എൻജിനീയർമാരും എത്തിയത് ഉച്ചയോടെയാണ്. ഇതോടെ പ്രതിഷേധക്കാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമായി. പ്രതിഷേധത്തെ തുടർന്ന് പൊലീസ് സ്റ്റേഷൻ പരിസരത്ത് വൻ സുരക്ഷയൊരുക്കി.
ഇതിന് പിന്നാലെയാണ് ഊർപഴശ്ശിക്കാവ് യു.പി സ്കൂളിനടുത്ത് സ്വകാര്യ സ്ഥലത്ത് കല്ലിട്ടത്. സി.പി.എം നേതാക്കൾ നടാലിലെ പ്രദേശവാസികളോടും വീട്ടുകാരോടും സംസാരിച്ചതിനെ തുടർന്ന് കല്ലിടലിനെതിരെ പരസ്യമായി പ്രതിഷേധിക്കുന്നത് തടഞ്ഞിരുന്നു. പാർട്ടി നിർദേശ പ്രകാരമല്ല കല്ലുപിഴുതുമാറ്റാനെത്തിയവരെ തടഞ്ഞതെന്നാണ് പ്രവർത്തകർ പറഞ്ഞത്. വരും ദിവസങ്ങളിലും കല്ലിടൽ തടയാൻ യു.ഡി.എഫും പ്രതിരോധിക്കാൻ സി.പി.എമ്മും എത്തിയാൽ സംഘർഷം തുടരുന്ന നിലയുണ്ടാവും. ഇതിനെ പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. ജയരാജ്, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഹമീദ് മാസ്റ്റർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. സുരേശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കല്ലിടൽ തടഞ്ഞത്. എടക്കാട് ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.