കണ്ണൂര്‍: നാടും നഗരവും ഓണത്തിരക്കിലാവുമ്പോൾ ഭക്ഷണശാലകളിൽ പഴകിയതും വൃത്തിരഹിതമായ സാഹചര്യങ്ങളിൽ സൂക്ഷിച്ചതുമായ ഭക്ഷണം പിടികൂടുന്നത് തുടരുന്നു.
കോര്പറേഷന് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷ്യനിര്‍മാണ യൂനിറ്റുകളിലും ബേക്കറികളിലും പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ പള്ളിക്കുന്ന് സോണല്‍ പരിധിയില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഹോട്ടലുകളിലും ബേക്കറികളിലും നിന്ന് പഴകിയഭക്ഷണം പിടിച്ചെടുത്തു. അപ്പൂസ് സ്വീറ്റ്സ് മണല്‍, ദം ഫുഡ് മണല്‍, കബൂസ് ബേക്കറി, മില്‍മ കാന്റീന്, സല്‍സ കഫേ ചാലാട്, ടീ സ്റ്റാള്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. മണലില്‍ പ്രവര്‍ത്തിക്കുന്ന അപ്പൂസ് സ്വീറ്റ്സ് കടയില്‍നിന്നുമാണ് ഏറ്റവുമധികം പഴകിയഭക്ഷണം പിടിച്ചെടുത്തത്. സ്ഥാപനം വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കടയുടമക്ക് അടച്ചുപൂട്ടാനുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഹോട്ടലുകള്‍ക്കും നോട്ടീസ് നല്കി.
ചൊവ്വാഴ്ച എട്ട് സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. മൂന്ന് ദിവസത്തിനിടെ അമ്പതോളം സ്ഥാപനങ്ങൾ പരിശോധിച്ചു.
ഓണം പ്രമാണിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം പരിശോധന തുടങ്ങി. മൂന്ന് സംഘങ്ങളായാണ് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പരിശോധന. ചൊവ്വാഴ്ച 21 സ്ഥാപനങ്ങൾ പരിശോധിച്ചു. നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പഴകിയ പാൽ അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി. ഓണ വിപണി ഉണർന്നതോടെ കൂടുതൽപേർ നഗരത്തിലെത്തുമ്പോൾ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി സെപ്റ്റംബർ ആറുവരെ പ്രത്യേകസംഘം പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷവകുപ്പ് അസി. കമീഷനർ കെ.പി. മുസ്തഫ പറഞ്ഞു. കോര്പറേഷന് ആരോഗ്യവിഭാഗം നഗരത്തിൽ നടത്തിയ പരിശോധനക്ക് പള്ളിക്കുന്ന് സോണല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. ജലീല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ നിത്യ മാധവന്, സൗമ സജേഷ് എന്നിവർ നേതൃത്വം നല്കി. ഓണത്തോടനുബന്ധിച്ച് കോര്പറേഷന് ആരോഗ്യവിഭാഗത്തിന്റെ കീഴില്‍ മുഴുവന്‍ സോണല്‍ പരിധിയിലും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.