കണ്ണൂർ: വളപട്ടണത്ത് തെരുവുനായ് അക്രമത്തിൽ നാലു കുട്ടികൾ അടക്കം ആറുപേർക്ക് കടിയേറ്റു. മാർക്കറ്റ് പരിസരത്തെ ശിഫ (നാല്), അയൻ (നാല്), വസീഫ് (ഒമ്പത്), റാസി (14), ഹാരിസ് (45), നസീമ (54) എന്നിവർക്കാണ് കടിയേറ്റത്. ശനിയാഴ്ച രാവിലെയാണ് സംഭവം. മാതാവിനൊപ്പം വളപട്ടണം സുബുലുസലാം അംഗൻവാടിയിലേക്ക് പോകുന്നതിനിടയിലാണ് ശിഫക്ക് കടിയേറ്റത്.
വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് അയനെ നായ് അക്രമിച്ചത്. ഒരു നായ് തന്നെയാണ് ആറുപേരെയും കടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല. വളപട്ടണം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനായി പരിക്കേറ്റവരെ കണ്ണൂരിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
വളപട്ടണത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. മാർക്കറ്റിന് സമീപം തെരുവുനായ്ൾക്കൾ അലഞ്ഞുതിരിയുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഭീഷണി ഉയർത്തുന്നുണ്ട്. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ, വെറ്റിറിനറി, പൊലീസ് വിഭാഗങ്ങളും യോഗം ചേർന്നു.
എ.ബി.സി വളന്റിയർമാരെ ഉപയോഗിച്ച് നായയെ പിടികൂടണമെന്ന് ജില്ല പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. നായുടെ അക്രമത്തിൽ പരിക്കേൽക്കുന്നവരെ ആശുപത്രിയിലെത്തിക്കാൻ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ വളപട്ടണം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പഞ്ചായത്ത് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.