കണ്ണൂർ: അരനൂറ്റാണ്ടോളം തണലും പുളിയും നൽകി കാറ്റിൽ കടപുഴകിയ കുടമ്പുളിമരത്തിന് ഹൃദയം പകുത്തൊരു പുനർജീവനൊരുക്കി കെ. മുഹമ്മദ് കുട്ടി. വീശിയടിച്ച ചുഴലിക്കാറ്റിൽ വേരടക്കം നിലംപൊത്തിയ മരത്തിന് ആ പ്രകൃതിസ്നേഹിയുടെ മുന്നിൽ ഇലയടക്കാനായില്ല. കഠിനാധ്വാനവും സ്നേഹവും സമം ചേർത്ത് ഒരുക്കിയ കുഴിയിൽ ചില്ലകളനക്കി തടി നിവർത്തി പുളിമരം വീണ്ടും തണൽ വിരിച്ചു. കഴിഞ്ഞ ദിവസത്തെ ചുഴലിക്കാറ്റിലാണ് നൂഞ്ഞേരി തട്ടുപറമ്പിൽ തറവാട്ടിലെ കെ. മുഹമ്മദ് കുട്ടി ഹാജിയുടെ മരം മുറിഞ്ഞുവീണത്.
ചെടികളെയും ഇലകളെയും പൂക്കളെയും ഏറെ ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന് വീട്ടിലെ ഒരാൾ നഷ്ടപ്പെട്ട സങ്കടമായിരുന്നു. ഇത് മുറിച്ചുമാറ്റണമെന്ന് പലരും പറഞ്ഞപ്പോൾ ഇതെങ്ങനെയെങ്കിലും സംരക്ഷിക്കണമെന്ന ചിന്തയിലായിരുന്നു. പലകർഷകരോടും ചോദിച്ചറിഞ്ഞാണ് പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചത്.
ഇതോടെ ഞായറാഴ്ച രാവിലെ ആഴത്തിൽ കുഴിയെടുത്ത് ക്രെയിൻ ഉപയോഗിച്ച് കുടമ്പുളി മരത്തെ പുനരുജ്ജീവിപ്പിച്ച് പുതിയ മാതൃക തീർത്തിരിക്കുകയാണ് ഇദ്ദേഹം. വ്യവസായിയും നൂഞ്ഞേരി മഹല്ല് മുതവ്വല്ലിയുമായ മുഹമ്മദ് കുട്ടി ദിവസവും നാലുമണിക്കൂറാണ് കൃഷിയിടത്തിലേക്ക് ഇറങ്ങുക. മത സാമൂഹിക സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായ ഇദ്ദേഹം മണ്ണിലിറങ്ങാൻ ദിവസവും മണിക്കൂറുകൾ കണ്ടെത്തും. കൂടാതെ ഒഴിവുദിവസങ്ങളിലും മുഹമ്മദ് കുട്ടി കൂടുതൽ സമയം കൃഷിയിടത്തിൽ തന്നെയാകും. 50 വർഷമായി തറവാട്ടിലെയും സമീപത്തെയും വീട്ടുകാർ ഈ മരത്തിൽനിന്നായിരുന്നു പുളിയെടുത്തിരുന്നത്. പരിപാലിക്കാൻ സഹോദരി കുഞ്ഞിഫാത്തിമയും ഒപ്പമുണ്ടാകും.
ഇതിനിടെയാണ് അപ്രതീക്ഷിതമായി കാറ്റിൽ മരം കടപുഴകിയത്. ഔഷധവീര്യമുള്ള കായ്ഫലം കൂടിയായതിനാൽതന്നെ മുഹമ്മദ് കുട്ടിയെ ഇത് സാരമായി തളർത്തി. ഇതോടെയാണ് പുനരുജ്ജീവിപ്പിക്കണമെന്ന ഗവേഷണവുമായി മുന്നോട്ടുപോകാൻ കാരണമായത്. പൂവുകളെയും പൂക്കളെയും ജീവനായ മുഹമ്മദ് കുട്ടിയുടെ വീട്ടിൽ ഒരുപാട് തരം തൈകളും ഫലവൃക്ഷങ്ങളുണ്ട്. കൂടാതെ തേൻകൃഷിയിലും സജീവമാണ് ഈ സംരംഭകൻ. മരങ്ങൾ മുറിച്ച് പ്രകൃതി നശിപ്പിക്കുന്നവർക്ക് കൺനിറയെ കാണാനുള്ള പുതുമാതൃക കൂടിയാണ് മുഹമ്മദ് കുട്ടി തീർത്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ അർപ്പണബോധവും പ്രകൃതിയോടും സസ്യങ്ങളോടുമുള്ള നല്ല മനസ്സുമാണ് ഭീമമായ ചെലവ് പോലും വകവെക്കാതെ മരം വീണ്ടും കുഴിച്ചിടാൻ പ്രചോദനമേകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.