തലശ്ശേരി: ഖത്തർ ദേശീയ ക്രിക്കറ്റ് ടീമിൽ മാറ്റുരക്കാൻ തലശ്ശേരി സ്വദേശിയും. ഖത്തർ വേദിയാകുന്ന ഐ.സി.സി ട്വൻറി ട്വൻറി ലോക കപ്പ് ക്രിക്കറ്റ് 2022 യോഗ്യത മത്സരത്തിനുള്ള 18 അംഗ ഖത്തർ ദേശീയ ടീമിലാണ് തലശ്ശേരിക്കാരനായ എൻ.വി. വലീദ് ഇടം നേടിയത്. ഒക്ടോബർ 19 മുതൽ 30വരെ നടക്കുന്ന ടൂർണമെൻറിൽ ബഹ്റൈൻ, മാലദ്വീപ്, കുവൈത്ത്, സൗദി അറേബ്യ എന്നീ ടീമുകളാണ് ഖത്തറിെൻറ എതിരാളികൾ. ഒക്ടോബർ 23ന് ബഹ്റൈൻ, 24ന് മാലദ്വീപ്, 27ന് സൗദി അറേബ്യ, 29ന് കുവൈത്ത് എന്നീ ടീമുകളുമായി ഖത്തർ ഏറ്റുമുട്ടും.
ഇഖ്ബാൽ ചൗധരിയാണ് ഖത്തർ ക്യാപ്റ്റൻ. വലംകൈയൻ ടോപ് ഓർഡർ ബാറ്റ്സ്മാനും വലം കൈയൻ ലെഗ് സ്പിൻ ബൗളറുമായ വലീദ് ആദ്യമായാണ് ഖത്തർ ദേശീയ ടീമിൽ ഇടം കണ്ടെത്തുന്നത്. ഇതിനുമുമ്പ് ഖത്തർ എ ടീമിന് വേണ്ടി ഖത്തർ പ്രസിഡൻറ്സ് ഇലവൻ ടൂർണമെൻറിൽ കളിച്ചിരുന്നു. ഖത്തർ ടസ്കേഴ്സ് ക്രിക്കറ്റ് ക്ലബ് താരമായ വലീദ് ഖത്തർ ക്രിക്കറ്റ് അസോസിയേഷെൻറ ആഭ്യന്തര ടൂർണമെൻറുകളിലെ സ്ഥിര സാന്നിധ്യമാണ്. വിവിധ പ്രായ വിഭാഗങ്ങളിൽ കേരളത്തെ പ്രതിനിധാനംചെയ്തിട്ടുണ്ട്. കണ്ണൂർ സർവകലാശാല ക്രിക്കറ്റ് ടീം നായകനുമായിരുന്നു.
തലശ്ശേരി സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ, ധർമടം ഗവ.ബ്രണ്ണൻ കോളജ്, തലശ്ശേരി സ്റ്റുഡൻറ്സ് സ്പോർട്ടിങ് ക്ലബ്, തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് എന്നീ ടീമുകൾക്ക് വേണ്ടി ജില്ല ലീഗ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. തലശ്ശേരി സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ, ഗവ.ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
10 വർഷമായി ഖത്തറിൽ അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്യുന്നു. തലശ്ശേരി ചിറക്കര കോയാസിൽ കണ്ടോത്ത് അബ്ദുല്ല കോയയുടെയും നായൻ വീട്ടിൽ റസിയയുടെയും മകനാണ് വലീദ്. ഖൻസ സഫറാണ് ഭാര്യ. മക്കൾ: ഈമാൻ, ഇമ്രാൻ. സബീന, ഹൈഫ, അമീന എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.