ദോഹ: ലോകമെങ്ങുമുള്ള ദീർഘദൂര ഓട്ടക്കാരുടെ സ്വപ്നമായ ‘വേൾഡ് മാരത്തൺ മേജേഴ്സ്’ ഓടിത്തീർത്ത് ചരിത്രമെഴുതി ഖത്തറിൽനിന്നൊരു മലയാളി ഓട്ടക്കാരൻ. മാരത്തൺ ഓട്ടങ്ങളും സാഹസികയാത്രകളുമായി ഖത്തറിലെ സ്വദേശികൾക്കും പ്രവാസികൾക്കുമിടയിൽ പരിചിതനായ പാലക്കാട് പട്ടാമ്പി സ്വദേശി അബ്ദുൽനാസറാണ് കഴിഞ്ഞ ഞായറാഴ്ച നടന്ന ന്യൂയോർക്ക് മാരത്തണിലൂടെ ‘വേൾഡ് മേജേഴ്സ്’ പട്ടത്തിന് അവകാശിയായത്.
അപൂർവം ഇന്ത്യക്കാർ മാത്രം എത്തിപ്പിടിച്ച ഈ നേട്ടത്തിലേക്ക് ഓടിയെത്തിയതിന്റെ ത്രില്ലിലാണ് നാസർ. ലോകത്തെ മുൻനിര മാരത്തൺ ഓട്ടങ്ങളായ ബോസ്റ്റൺ, ടോക്യോ, ലണ്ടൻ, ബെർലിൻ, ഷികാഗോ, ന്യൂയോർക്ക് എന്നിവ ഓടിത്തീർക്കുന്നവരാണ് സിക്സ് സ്റ്റാർ മെഡൽ നേട്ടത്തോടെ ‘വേൾഡ് മാരത്തൺ മേജേഴ്സ്’ എന്ന പട്ടികയിലിടം നേടുന്നത്.
നിലവിൽ ഇന്ത്യയിൽനിന്നും പുരുഷ, വനിത വിഭാഗങ്ങളിലായി 146 പേർ മാത്രമാണ് ഈ ആറ് മാരത്തണുകളും പൂർത്തിയാക്കി ഹാൾ ഓഫ് ഫെയിമിന് അവകാശികളായത് എന്നറിയുമ്പോഴാണ് മലയാളിയായ നാസറിന്റെ നേട്ടത്തിന് തിളക്കമേറുന്നത്.
2019 ഏപ്രിൽ-മേയ് മാസത്തിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിനെ കാൽകീഴിലാക്കിയായിരുന്നു നാസറിന്റെ സാഹസികതകളിലേക്കുള്ള തുടക്കം. വിവിധ ദൂരവിഭാഗങ്ങളിൽ ഓടിത്തീർത്ത നാസർ ആദ്യ ശ്രമത്തിൽ തന്നെ 8848 മീറ്റർ ഉയരമുള്ള എവറസ്റ്റ് കീഴടക്കിയപ്പോൾ ഒരു സാധാരണ പ്രവാസിയുടെ അപൂർവ നേട്ടമായി അതുമാറി.
പ്രതികൂല കാലാവസ്ഥയോട് പടവെട്ടി ആകാശത്തോളം ഉയരെ കയറി നേടിയ വിജയം നൽകിയ ആത്മവിശ്വാസമായിരുന്നു ഖത്തർ എനർജിയിലെ ഫിനാൻസ് മേധാവിയായ അബ്ദുൽ നാസറിന് മാരത്തൺ മേജേഴ്സിന് ഊർജമായി മാറിയത്.
സ്വപ്നയാത്രക്ക് തയാറെടുപ്പ് നടത്തുന്നതിനിടെ ലോകം കോവിഡ് ലോക്ഡൗണിലായി. കായികമേളകളെല്ലാം നിർത്തിവെച്ച രണ്ടു വർഷത്തെ ഇടവേളക്കുശേഷം നാസർ മേജർ സിക്സ് മാരത്തണിലേക്കുള്ള പ്രയാണം തുടങ്ങി. 2022ൽ ലോകപ്രശസ്തമായ ബോസ്റ്റണും (3:27:49), ബെർലിനും (3:23:58) ഫിനിഷ് ചെയ്തു.
2023ൽ ലണ്ടൻ മാരത്തണും (3:14:43), ഷികാഗോ മാരത്തണും (3:14:37) ഫിനിഷ് ചെയ്ത് നാല് വൻ മത്സരങ്ങൾ കടന്നു. ഈ വർഷം ഫെബ്രുവരിയിലായിരുന്നു അഞ്ചാമത്തെ മാരത്തണായ ജപ്പാനിലെ ടോക്യോയിൽ (3:07:06) ഫിനിഷിങ് ലൈൻ കടന്നത്.
തന്റെ മികച്ച സമയം കൂടിയായിരുന്നു ടോക്യോയിൽ പൂർത്തിയാക്കിയതെന്ന് നാസർ പറയുന്നു. ഏറ്റവും ഒടുവിലായി നവംബർ മൂന്നിന് ന്യൂയോർക്ക് മാരത്തൺ 3:21:55 എന്ന സമയത്തിൽ ഫിനിഷ് ചെയ്ത് സിക്സ് സ്റ്റാർ നേട്ടം സ്വന്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 55,000 ത്തോളം പേരായിരുന്നു ന്യൂയോർക്ക് മാരത്തണിൽ മാറ്റുരച്ചത്. വിവിധ പ്രായവിഭാഗക്കാർ 42 കി.മീ ദൈർഘ്യമുള്ള ഫുൾ കോഴ്സിൽ പങ്കെടുത്തു.
ലോകത്തിലെ മറ്റു മാരത്തണുകളേക്കാൾ കഠിനവുമാണ് ന്യൂയോർക്കിലെ ഓട്ടം. ലോകത്തിന്റെ മുൻനിര ഓട്ടക്കാർ വരെ തങ്ങളുടെ മികച്ച സമയം കണ്ടെത്താൻ വിഷമിക്കുന്ന റേസ് കോഴ്സ് എന്ന പ്രത്യേകതയുമുണ്ട്.
മത്സരശേഷം, ഇന്ത്യൻ പതാകയുമേന്തി സിക്സ് സ്റ്റാർ ബാഡ്ജണിഞ്ഞ റാലിയെ നയിക്കുകയും ചെയ്തതിന്റെ അഭിമാനവുമായാണ് നാസർ ന്യൂയോർക്കിൽനിന്നും മടങ്ങിയെത്തിയത്. ഖത്തറിലെ ചൂടേറിയ കാലാവസ്ഥയിൽ വളരെ ശ്രദ്ധയോടെയാണ് തയാറെടുത്തതെന്ന് ഇദ്ദേഹം പറയുന്നു.പുറത്തുള്ള പരിശീലനം കുറച്ചും, ജിംനേഷ്യത്തിൽ ട്രെഡ്മില്ലിൽ ഓടിയുമായിരുന്നു തയാറെടുപ്പ്. മാരത്തൺ യാത്രയിലെ വലിയ സ്വപ്നം പൂർത്തിയാക്കിയ നാസർ ഇനി പുതിയ സാഹസികതയിലേക്കുള്ള ഒരുക്കത്തിലാണ്.
42 കിലോമീറ്ററോളം ദൈർഘ്യമുള്ള 29ഓളം ഫുൾ മാരത്തണുകൾ നാസർ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. 90 കിലോമീറ്റർ ദൂരമുള്ള ഖത്തറിലെ അൾട്രാ റൺ, ദക്ഷിണാഫ്രിക്കയിലെ കോമ്രേഡ്സ് മാരത്തൺ, മലകളും കുന്നുകളും നിറഞ്ഞ പാതയിലൂടെയുള്ള ഒമാനിലെ യു.ടി.എം.ബി തുടങ്ങിയവയും ഓടിത്തീർത്തു.
നീന്തലും സൈക്ലിങ്ങും ഓട്ടവും ഉൾപ്പെടുന്ന അയൺമാൻ ട്രയാത്ത്ലൺ, ഹാഫ് മാരത്തണും ക്രോസ്കൺട്രി റേസുകളും ഉൾപ്പെടെ നൂറായിരം മത്സരങ്ങളും പൂർത്തിയാക്കിയ നാസർ ഖത്തറിലെ പുസ്തക രചയിതാവും പ്രഭാഷകനുമെന്ന നിലയിലും ശ്രദ്ധേയനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.