തലശ്ശേരി: ആർ.എസ്.എസ് പ്രവർത്തകനെ കല്ലെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിവപുരത്തെ രണ്ട് എൻ.ഡി.എഫ് പ്രവർത്തകർക്ക് തടവും പിഴയും ശിക്ഷ. ഏഴ് കുറ്റാരോപിതരുള്ള കേസിൽ ഒന്നാം പ്രതി ശിവപുരം വട്ടക്കണ്ടി ഹൗസിൽ ടി.കെ. നൗഷാദ് (37), രണ്ടാം പ്രതി ശിവപുരം കിഴങ്ങയിൽ വീട്ടിൽ എ.പി. മുനീർ (44) എന്നിവരെയാണ് വിവിധ വകുപ്പുകളിലായി നാല് വർഷം തടവിനും 10,000 രൂപ പിഴയടക്കാനും തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (നാല്) ജഡ്ജി മുഹമ്മദ് റയീസ് ശിക്ഷിച്ചത്. പ്രതികൾ പിഴയടക്കുന്നില്ലെങ്കിൽ നാലു മാസം അധിക തടവ് അനുഭവിക്കണം.
കേസിലെ മൂന്നാം പ്രതി ശിവപുരം തോട്ടത്തിൽ മുഹമ്മദലി (47) ഒളിവിലാണുള്ളത്. നാല് മുതൽ ഏഴ് വരെ പ്രതിസ്ഥാനത്തുണ്ടായിരുന്ന ശിവപുരം പുതിയ വീട്ടിൽ പി.വി. അസീസ് (44), ശിവപുരം വലിയറത്ത് ചൂര്യോട്ട് വി.സി. റസാഖ് (47), ശിവപുരം സാജിദ മൻസിലിൽ സവാദ് (41), ശിവപുരം കക്കൂൽ അറപ്പീടികയിൽ ഹൗസിൽ ഷഫീർ (37) എന്നിവരെ കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിട്ടു. 2002 സെപ്റ്റംബർ 24ന് വൈകീട്ട് നാലരക്കാണ് കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്. ശിവപുരം–നടുവനാട് റോഡിൽ ദാമുവിെൻറ വീട്ടിനടുത്തു സംഘം ചേർന്ന പ്രതികൾ ആർ.എസ്.എസ് പ്രവർത്തകനായ ശിവപുരം കരൂഞ്ഞിയിലെ വള്ളുമ്മൽ വീട്ടിൽ സുനിൽകുമാറിനെ കല്ലുകൊണ്ടെറിഞ്ഞ് കൊല്ലാൻ തലക്കെറിഞ്ഞ് ആക്രമിച്ചുവെന്നാണ് കേസ്. പേരാവൂർ സി.ഐ കെ. ബാലകൃഷ്ണനാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി. അജയകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.