തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ജില്ല സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ഒരു വിക്കറ്റിന് കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീമിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുത്തു. മറുപടിയായി വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് അവസാന പന്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി.
മൂന്ന് വിക്കറ്റും പുറത്താകാതെ 12 റൺസുമെടുത്ത് വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് താരം തനീം മാൻ ഓഫ് ദി മാച്ചായി. ടൂർണമെന്റിലെ മികച്ച താരമായി നെട്ടൂർ ക്രിക്കറ്റ് ക്ലബ് താരം ഷറഫുദ്ദീനെയും (71 റൺസും 12 വിക്കറ്റും) മികച്ച ബാറ്റ്സ്മാനായി നെട്ടൂർ ക്രിക്കറ്റ് ക്ലബ് താരം പി.കെ. മുഹമ്മദ് ഫാമിസിനെയും (189 റൺസ്) മികച്ച ബൗളറായി കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം താരം എ. പ്രഥമിനെയും (14 വിക്കറ്റ്) തിരഞ്ഞെടുത്തു. സമ്മാനദാന ചടങ്ങിൽ ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കെ.പി. സുരേഷ് ബാബു, സെക്രട്ടറി വി.പി. അനസ്, ട്രഷറർ എ.സി.എം. ഫിജാസ് അഹമ്മദ്, ഭാരവാഹികളായ പി. സതീശൻ, മഹറൂഫ് ആലഞ്ചേരി എന്നിവർ പങ്കെടുത്തു.
ബുധനാഴ്ച രാവിലെ എം.എം. പ്രദീപ് മെമ്മോറിയൽ ട്രോഫിക്കായുള്ള ജില്ല സ്കൂൾ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ് ഉദ്ഘാടന മത്സരത്തിൽ തലശ്ശേരി സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ 87 റൺസിന് തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ 18 ഓവറിൽ 132 റൺസിന് ഓൾ ഔട്ടായി. മറുപടിയായി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പത് ഓവറിൽ 45 റൺസിന് ഓൾ ഔട്ടായി. 14 റൺസും നാല് വിക്കറ്റും വീഴ്ത്തി സെൻറ് ജോസഫ്സ് താരം അശ്വന്ത് വിപിൻ മാൻ ഓഫ് ദി മാച്ചായി.
നേരത്തെ അണ്ടർ 23 ചലഞ്ചേഴ്സ് ട്രോഫിയിൽ ഇന്ത്യ ഗ്രീനിനെ പ്രതിനിധാനംചെയ്ത അക്ഷയ എ. സദാനന്ദൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വി.പി. അനസ് അധ്യക്ഷത വഹിച്ചു. ട്രഷറർ എ.സി.എം. ഫിജാസ് അഹമ്മദ്, അസി. സെക്രട്ടറി കെ. നവാസ്, സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡെന്നി ജോൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.