തലശ്ശേരി: ദൂരപരിധി നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ അഞ്ച് ബോട്ടുകൾക്കെതിരെ തലശ്ശേരി കോസ്റ്റൽ പൊലീസ് കേസെടുത്തു. പിടികൂടിയ ബോട്ടുകൾക്ക് കനത്ത പിഴ ചുമത്തുന്നതിലും ജോലി തടസ്സപ്പെടുത്തുന്നതിലും ബോട്ടുടമകൾ തലായി ഹാർബറിൽ പ്രതിഷേധിച്ചു.
പൊലീസുമായി തൊഴിലാളികൾ വാക്കേറ്റവും ബഹളവുമുണ്ടായി. ഇരുകൂട്ടരും സംയമനം പാലിച്ചതിനാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. തീരത്തുനിന്നും അഞ്ച് നോട്ടിക്കൽ മൈൽ ദൂരത്തിന് അപ്പുറത്തുളള കടലിൽ മാത്രമേ ചെറിയ ബോട്ടുകൾക്ക് മത്സ്യബന്ധനത്തിന് അനുവാദമുള്ളൂ. ഇത് ലംഘിച്ച് ധർമടം, മുഴപ്പിലങ്ങാട് ഭാഗത്ത് ഒന്നര നോട്ടിക്കൽ മൈലിനുള്ളിൽനിന്ന് കരിക്കാടി, മാന്തൽ തുടങ്ങിയവ പിടിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെതുടർന്നാണ് ബോട്ടുകൾക്കെതിരെ നിയമനടപടി തുടങ്ങിയതെന്ന് കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ പി. ശ്രീകുമാർ പറഞ്ഞു. നിലവിലുള്ള നിയമത്തെപ്പറ്റി ബോട്ടുകാരെ ബോധ്യപ്പെടുത്തിയെന്നും ലംഘിച്ചാൽ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ഡി.സി.സി അംഗം കെ. ശിവദാസൻ, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.വി. സതീശൻ. യൂത്ത് ലീഗ് നേതാവ് റഷീദ് തലായി എന്നിവരും ഹാർബറിലെത്തി പൊലീസുമായി വിഷയം സംസാരിച്ചു. 40 മീറ്റർ വലുപ്പമുള്ള ബോട്ടുകൾ കടൽ നിയമങ്ങൾ പാലിച്ചു മാത്രമാണ് തലായിയിൽ മത്സ്യം പിടിക്കുന്നത്. എന്നാൽ, 110 മീറ്റർ വലുപ്പമുള്ള യന്ത്രവൽകൃത ബോട്ടുകൾ ആഴക്കടലിൽ മത്സ്യം പിടിക്കുന്നതിനു പകരം കരയിൽനിന്ന് മൂന്ന് നോട്ടിക്കൽ മൈലിൽ പോലും വന്ന് മത്സ്യംപിടിക്കുന്നു. ഇത് തടയാത്ത തീരദേശ പൊലീസ് വലിയ യന്ത്രവത്കൃത ബോട്ടുകളെയും ബോട്ടുടമകളെയും സഹായിക്കാനാണ് ചെറിയ ബോട്ടുകൾ പിടിക്കുന്നതെന്ന് ഇരുവരും ആരോപിച്ചു.
വലിയ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ യഥേഷ്ടം എവിടെയും മത്സ്യം പിടിക്കാൻ കൂട്ടുനിൽക്കുന്ന തീരദേശ പൊലീസ്, ചെറിയ ബോട്ടുകൾ അന്യായമായി പിടിച്ചെടുത്ത് വൻ പിഴ ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഫിഷറീസ് മന്ത്രി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് നിവേദനമയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.