കണ്ണൂർ: തലമുറകൾ കൈമാറിയ മാപ്പിളപ്പാട്ടിെൻറ ഈണങ്ങൾ സമ്മാനിച്ച പീർ മുഹമ്മദിന് തലശ്ശേരി വിടനൽകി. കേട്ടാല്‍ മതിവരാത്ത ജനകീയ ഗാനങ്ങൾ സംഗീതലോകത്തിന് സംഭാവന നൽകി തലശ്ശേരിക്കാരുടെ സ്വന്തം പീർക്ക യാത്രയാകുേമ്പാൾ ഒരുപിടി മധുരഗാനങ്ങൾ മലയാളികളുടെ ചുണ്ടിൽ ബാക്കിയാവുകയാണ്.
1945ൽ തമിഴ്നാട് തെങ്കാശിക്കടുത്ത് 'സുറണ്ടൈ' ഗ്രാമത്തിൽ ജനിച്ച അദ്ദേഹം നാലു വയസ്സു മുതൽ കുടുംബത്തിനൊപ്പം ഉപ്പയുടെ നാടായ തലശ്ശേരിയിലാണ് താമസം. നാലായിരത്തിലേറെ പാട്ടുകൾ മലയാളികൾക്ക് നൽകിയത് ഈ പൈതൃക നഗരത്തിെൻറ ഭാഗമായാണ്. ഗസൽ രാവുകളുടെ താളമേളങ്ങൾ സമ്പന്നമാക്കിയ തലശ്ശേരിയുടെ തലയെടുപ്പും ഖ്യാതിയും കേരളത്തിനു പുറത്തു പരത്തുന്നതിൽ പീർ മുഹമ്മദിെൻറ പങ്ക് വലുതാണ്. തലശ്ശേരി ജനത സംഗീതസഭയിലൂടെയാണ് ഗായകനെന്ന നിലയിൽ വളർച്ച തുടരുന്നത്. സ്വന്തം നാട്ടുകാരൻകൂടിയായ കെ. രാഘവന് മാസ്റ്ററുമായുള്ള സൗഹൃദം മലയാള സിനിമ ലോകത്തേക്കുമെത്തിച്ചു. ലണ്ടനിലെ ട്രിനിറ്റി മ്യൂസിക് ക്ലബില്‍ സംഗീതം പഠിച്ചിറങ്ങിയ പിതൃസഹോദരി ഡോ. ആമിന ഹാശിം ആണ് പീറിനെ സംഗീതത്തോട് അടുപ്പിച്ചത്.
ഇവരുടെ വീട്ടിലെ ഹാര്‍മോണിയമാണ് അദ്ദേഹം ആദ്യം ഉപയോഗിച്ച സംഗീതോപകരണം. ചെറുപ്രായത്തിൽതന്നെ സുറണ്ടൈ ഗ്രാമത്തിെൻറ പാട്ടുകാരനായി പേരെടുത്ത ശേഷമാണ് തലശ്ശേരിയിൽ എത്തുന്നത്. മദ്രാസിലെ ശാദി മഹല്‍ ഓഡിറ്റോറിയത്തില്‍ ആദ്യ ഗാനമേള കഴിഞ്ഞ് തിരിച്ചെത്തിയ കൊച്ചു പീറിന് ഗംഭീര സ്വീകരണമാണ് സുറണ്ടൈ ഗ്രാമം ഒരുക്കിയത്. മകെൻറ സംഗീത വാസന തിരിച്ചറിഞ്ഞ പിതാവ് നിരവധി കലാകാരന്മാരെ വാര്‍ത്തെടുത്ത തലശ്ശേരിയിലെ ജനത ക്ലബില്‍ പീറിനെയും ചേർക്കുകയായിരുന്നു. അക്കാലത്ത് സ്കൂള്‍ തലത്തില്‍ ലളിത സംഗീതം അടക്കമുള്ള മിക്ക മത്സരങ്ങളിലും ആദ്യ സ്ഥാനം പീർ മുഹമ്മദിനായിരുന്നു. തലശ്ശേരിയിലെ കല്യാണവീടുകളിലെ ഗാനമേളകളിലൂടെയാണ് പീർക്ക ജനകീയനായത്. ഇൗ പാട്ടുകൾ തലമുറകൾ ഇന്നും വിവാഹവേദികളിൽ ഏറ്റുപാടുന്നു.
എം.ജി.ആര്, ശിവാജി ഗണേശന്, ജയലളിത, പ്രേം നസീര്‍, സുകുമാരന്‍, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയവരുമായി പീർ മുഹമ്മദ് നല്ല അടുപ്പം സൂക്ഷിച്ചിരുന്നു. തലശ്ശേരിയുടെ പേരും പെരുമയും പാട്ടിലാക്കി ലോകമലയാളികളിലേക്ക് എത്തിച്ചാണ് പീർക്ക യാത്രയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.