തലശ്ശേരി: 2023-24 സീസണിലേക്കുള്ള കേരള രഞ്ജി ട്രോഫി ടീമിൽ തലശ്ശേരി സ്വദേശി അക്ഷയ് ചന്ദ്രൻ. ജനുവരി അഞ്ചിന് ആലപ്പുഴ എസ്.ഡി കോളജ് ഗ്രൗണ്ടിൽ ഉത്തർപ്രദേശുമായാണ് കേരളത്തിന്റെ ആദ്യമത്സരം. ജനുവരി 12ന് ഗുവാഹതിയിൽ അസമുമായും ജനുവരി 19ന് തിരുവനന്തപുരത്ത് മുംബൈയുമായും ജനുവരി 26ന് പട്നയിൽ ബിഹാറുമായും ഫെബ്രുവരി രണ്ടിന് റായ്പുരിൽ ചത്തിസ്ഗഢുമായും ഫെബ്രുവരി ഒമ്പതിന് തിരുവനന്തപുരത്ത് ബംഗാളുമായും ഫെബ്രുവരി 16ന് വിസിയനഗരത്ത് ആന്ധ്രയുമായും കേരളം ഏറ്റുമുട്ടും.
സഞ്ജു വി. സാംസണാണ് കേരള ക്യാപ്റ്റൻ. രോഹൻ എസ്. കുന്നുമ്മൽ വൈസ് ക്യാപ്റ്റനുമാണ്. ഇടംകൈയൻ സ്പിന്നറും മധ്യനിര ബാറ്ററുമായ അക്ഷയ് ചന്ദ്രൻ തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് താരമാണ്. അണ്ടർ 16, അണ്ടർ 19, അണ്ടർ 22, അണ്ടർ 25, കേണൽ സി.കെ നായിഡു ട്രോഫി കേരള ടീമുകളെ നയിച്ചിട്ടുണ്ട്.
ക്യാപ്റ്റനായിരിക്കെ അണ്ടർ 22 ദക്ഷിണ മേഖല ചാമ്പ്യൻഷിപ് കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി കേണൽ സി.കെ. നായിഡു ട്രോഫിയിൽ മുംബൈയെ തോൽപിച്ച ടീമിന്റെ നായകനാണ്. രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റുകളിൽ സ്ഥിര സാന്നിധ്യമായ അക്ഷയ് ചന്ദ്രൻ 2015 ലാണ് രഞ്ജി ട്രോഫി കേരള ടീമിൽ ആദ്യമായി കളിക്കുന്നത്.
അരങ്ങേറ്റ രഞ്ജിട്രോഫി മത്സരത്തിൽ തന്നെ സർവിസസ് ടീമിനെതിരെ 39 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തി മികവുറ്റ പ്രകടനം കാഴ്ചവെച്ചു. 2022-23 സീസണിൽ ഝാർഖണ്ഡിനെതിരെയുള്ള 150 റൺസും 2016-17 സീസണിൽ സർവിസസിനെതിരെ പുറത്താകാതെ നേടിയ 102 റൺസും കേരളത്തിന് വേണ്ടിയുള്ള മികച്ച രണ്ട് ഇന്നിങ്സുകളായിരുന്നു.
കണ്ണൂർ എസ്.എൻ കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അക്ഷയ് ചന്ദ്രന്റെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു. തലശ്ശേരി പാറാൽ ഗോവിന്ദം വീട്ടിൽ ടി.കെ. രാമചന്ദ്രന്റെയും ശാന്തി ചന്ദ്രന്റെയും മകനാണ്. മാനസ് ചന്ദ്രൻ ഏക സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.