തലശ്ശേരി: ഫസൽ വധക്കേസിൽ പ്രതിചേർക്കപ്പെട്ട് ജാമ്യവ്യവസ്ഥയിലെ ഇളവിനെത്തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശ്ശേരിയിൽ സ്വീകരണം നൽകി. റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ സി.പി.എം ഏരിയ കമ്മിറ്റി ഒരുക്കിയ സ്വീകരണം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
ഫസൽക്കേസിൽ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉൾപ്പെടെയുള്ള എട്ടു പേരുടെ നിരപരാധിത്വം തെളിയിക്കുന്നതുവരെ ഏതറ്റംവരെയും പോകുമെന്ന് എം.വി. ജയരാജൻ പറഞ്ഞു. ആർ.എസ്.എസാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തലാണ് അന്വേഷണത്തിനിടെ പുറത്തു വന്നത്. ഭരണഘടനയെ പിച്ചിച്ചീന്തി നിയമത്തെ കാറ്റിൽ പറത്തുന്ന സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിച്ചതിെൻറ ഫലമായാണ് നിരപരാധികളായവർ പ്രതികളായത്-ജയരാജൻ പറഞ്ഞു. പി. ശശി അധ്യക്ഷത വഹിച്ചു.
പി. ജയരാജൻ, സി.പി.എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയംഗം കെ.ടി. തങ്കപ്പൻ, അഡ്വ.കെ. വിശ്വൻ, സി.കെ. രമേശൻ, കാരായി ചന്ദ്രശേഖരൻ, കാരായി രാജൻ എന്നിവർ സംസാരിച്ചു. തലശ്ശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രൻ സ്വാഗതം പറഞ്ഞു. തലശ്ശേരിയിൽനിന്ന് ജന്മദേശങ്ങളായ കതിരൂർ സി.എച്ച് നഗറിലേക്കും തിരുവങ്ങാട് കുട്ടിമാക്കൂലിലേക്കും കാരായിമാരെ സ്വീകരിച്ചാനയിച്ചു. ഇരുവർക്കും ജന്മനാട്ടിലും വരവേൽപ്പ് നൽകി.
ഫസൽ വധക്കേസിലെ ഏഴും എട്ടും പ്രതികളായ ഇവർക്ക് ഏഴര വർഷത്തിനു ശേഷമാണ് ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ് അനുവദിക്കുന്നത്. ജയിലിലായിരുന്ന പ്രതികൾക്ക് എറണാകുളം ജില്ല വിട്ടുപോകരുതെന്ന കർശന വ്യവസ്ഥയോടെ 2013ലാണ് കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച കാരായി രാജനും ചന്ദ്രശേഖരനും കൊച്ചിയിൽനിന്ന് കണ്ണൂരിലേക്ക് മടങ്ങുേമ്പാൾ യായ്രയാക്കാൻ എ.എന്‍. ഷംസീര്‍ എം.എൽ.എ, എം. സ്വരാജ് ഉൾപ്പെടെയുള്ള നേതാക്കൾ എത്തിയിരുന്നു.
2012ലാണ് സി.പി.എമ്മിലെ മുതിർന്ന നേതാക്കളായ കാരായിമാരെ കേസില്‍ സി.ബി.ഐ പ്രതികളാക്കിയത്. 2006 ഒക്ടോബർ 22ന് പുലർച്ചെ നാലിനാണ് തലശ്ശേരി സെയ്ദാർപള്ളിക്കു സമീപം പത്രവിതരണക്കാരനായ മുഹമ്മദ് ഫസൽ കൊല്ലപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.