തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡ് പരിസത്ത് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടു യുവാക്കളെ പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ ഹൻഷ് ചന്ദർ ശങ്കർ (30), കണ്ണയ്യ ശങ്കർ (29) എന്നിവരാണ് പിടിയിലായത്. ഇവർ ഒളിച്ചുവെച്ച 500 പാക്കറ്റ് നിരോധിത ലഹരി വസ്തുക്കളും കണ്ടെത്തി. തമ്പാക്ക്, പാൻപരാഗ്, ഹാൻസ് എന്നിവയുടെ ശേഖരമാണ് പിടികൂടിയത്.
പത്തെണ്ണം വീതം പ്രത്യേക കവറിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. തമ്പാക്കിൽ പ്രത്യേക ചേരുവകൾ കലർത്തി വീര്യം കൂട്ടിയാണ് ആവശ്യക്കാർക്ക് കൈമാറുന്നത്. വാട്സ്ആപ് സന്ദേശം വഴിയാണ് വിൽപന. പ്രത്യേക സംഘമായാണ് ഇവർ ലഹരിവിൽപന നടത്തുന്നത്. ഹൻഷ് ചന്ദർ ശങ്കറിന്റെ അനുജനെ ഏതാനും ദിവസം മുമ്പ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തമ്പാക്കും പാൻപരാഗുമായി പിടികൂടിയിരുന്നു.
അന്ന് 5000 രൂപ പിഴ ഈടാക്കിയാണ് ഇയാളെ വിട്ടയച്ചത്. ലഹരി ഇടപാടുകാരിൽ ചിലർ കുടുംബ സമേതമാണ് തലശ്ശേരിയിൽ താമസിക്കുന്നത്. പുതിയ ബസ് സ്റ്റാൻഡിലെ ചില വ്യാപാര സ്ഥാപനങ്ങളുടെ മറവിലാണ് ലഹരി വസ്തുക്കൾ കൈമാറുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം പിടിയിലായ ഹൻഷ് ചന്ദർ ശങ്കറിന് 5000 രൂപയും കണ്ണയ്യക്ക് 3000 രൂപയും പിഴചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.