കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് പുനർനിർണയത്തിൽ കണ്ണൂർ കോർപറേഷനിലും ഒമ്പത് നഗരസഭകളിലുമായി പുതുതായി 11 വാർഡുകൾ കൂടി. പുതുക്കിയ വാർഡുകളുടെ എണ്ണം സർക്കാർ ഗസറ്റ് വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചു. കണ്ണൂർ കോർപറേഷനിൽ ഡിവിഷനുകളുടെ എണ്ണം 55ൽനിന്ന് ഒന്ന് വർധിച്ച് 56 ആയി. പയ്യന്നൂരിൽ രണ്ടും മറ്റ് നഗരസഭകളിൽ ഓരോ വാർഡുകൾ വീതവുമാണ് വർധിച്ചത്. ജില്ലയിൽ ഒമ്പത് നഗരസഭകളിലായി 324 വാർഡുകളാണ് നിലവിലുള്ളത്. പുനർനിർണയത്തോടെ ഇത് 334 ആയി.
ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിൽ പുതുക്കിയ വാർഡുകളുടെ എണ്ണം കഴിഞ്ഞദിവസം സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. ഉദയഗിരി, ആലക്കോട്, അയ്യൻകുന്ന്, കൊട്ടിയൂർ ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും വാർഡുകളുടെ എണ്ണം വർധിച്ചിരുന്നു. പുനർനിർണയത്തോടെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം 1265 ആയി. നേരത്തേ ഇത് 1160 ആയിരുന്നു. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 13 ഡിവിഷനുകൾ കൂടി. കൂത്തുപറമ്പ്, കല്യാശ്ശേരി ബ്ലോക്കുകളിൽ രണ്ട് ഡിവിഷനുകൾ വീതം വർധിച്ചു.
ജില്ല പഞ്ചായത്തിൽ 24 ഡിവിഷനുകളാണ് നിലവിൽ ഉണ്ടായിരുന്നത്. ഇത് ഒന്ന് വർധിച്ച് 25 ആയി. 2011ലെ കാനേഷുമാരി അനുസരിച്ച് ജനസംഖ്യ വർധിച്ച സാഹചര്യത്തിലും പല നഗരസഭകളിലെയും ജനസംഖ്യ ഒരു ലക്ഷം കവിഞ്ഞ സാഹചര്യത്തിലും ആളുകളുടെയും കൗൺസിലർമാരുടെയും എണ്ണം തമ്മിലുള്ള അനുപാതം വർധിക്കുകയുണ്ടായി. ജനങ്ങൾക്ക് മെച്ചപ്പെട്ട ഭരണനിർവഹണം സാധ്യമാക്കാനാണ് വാർഡുകളുടെ എണ്ണം വർധിപ്പിച്ചത്. നഗരസഭകളിലും കോർപറേഷനിലും നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണവും സ്ത്രീകൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും സംവരണം ചെയ്യേണ്ട വാർഡുകളുടെ എണ്ണവും സർക്കാർ പുറത്തിറക്കി. ഇതോടെ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർനിർണയം പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.