ഇത് നാട്ടുകൂട്ടങ്ങളുടെ നാട്...

ശ്രീകണ്ഠപുരം: പഴയ കാലത്തെയും കടന്നുവന്ന വഴികളെയും ഓര്‍മപ്പെടുത്തി 'നാട്ടുകൂട്ടങ്ങളുടെ' നാടായി പയ്യാവൂർ. ഇവിടെ പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള നാട്ടുകൂട്ടങ്ങളുടെ രൂപവത്കരണമാണ് പൂർത്തിയായത്.

പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടക്കും. അടിയന്തര ആവശ്യങ്ങള്‍ ദ്രുതഗതിയില്‍ നടപ്പാക്കുക, പഞ്ചായത്ത് തലത്തില്‍ നടത്തുന്ന പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കുക, ഗ്രാമസഭയിലെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക, പഞ്ചായത്തില്‍ വിവരശേഖരണം നടത്തി അത് ഡിജിറ്റലൈസ് ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് നാട്ടുകൂട്ടങ്ങൾ രൂപവത്കരിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് നാട്ടുകൂട്ടങ്ങളുടെ രൂപവത്കരണം തുടങ്ങിയത്. നിലവിൽ പയ്യാവൂർ പഞ്ചായത്തിലെ 16 വാര്‍ഡുകളിലായി 209 നാട്ടുകൂട്ടങ്ങളാണുള്ളത്.

30 വീടുകളാണ് ഒരു നാട്ടുകൂട്ടത്തില്‍ ഉണ്ടാവുക. 10 മുതല്‍ 15 നാട്ടുകൂട്ടം വരെയുള്ള വാര്‍ഡുകള്‍ പഞ്ചായത്തിലുണ്ട്. പഞ്ചായത്തംഗങ്ങൾക്കാണ് ഇതിന്റെ ചുമതല. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന വികസനം, കുടിവെള്ളം, ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ നാട്ടുകൂട്ടങ്ങളിലൂടെ സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ആദ്യഘട്ടത്തില്‍ ഓരോ നാട്ടുകൂട്ടങ്ങളിൽനിന്നും പഞ്ചായത്ത് അംഗങ്ങളുടെയും ആശാവര്‍ക്കര്‍മാരുടെയും നേതൃത്വത്തിൽ വിവരശേഖരണം നടത്തിവരുകയാണ്. തരിശുഭൂമികളുടെ എണ്ണം, ഭിന്നശേഷിക്കാര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, ചികിത്സിക്കുന്ന സ്ഥലം, പാലിയേറ്റിവ് രോഗികള്‍, നടപ്പാതകള്‍, ശൗചാലയങ്ങള്‍, മാലിന്യ സംസ്‌കരണം, ഹരിത കര്‍മസേന, വാക്സിനേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട 25 ചോദ്യങ്ങളുമായാണ് വിവരശേഖരണം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ, ഭൗതിക, സാംസ്‌കാരിക, സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്താനുള്ള നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്ന് പ്രസിഡന്റ് സാജു സേവ്യര്‍ അറിയിച്ചു.

Tags:    
News Summary - There are 209 village groups in Payyavoor panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.