കണ്ണൂർ: നഗരത്തിലെ വിവിധയിടങ്ങളിൽ തെരുവുവിളക്കുകൾക്കായി വൈദ്യുതി ലൈൻ വലിക്കാൻ കെ.എസ്.ഇ.ബി കാട്ടുന്ന അനാസ്ഥക്കെതിരെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണപക്ഷ, പ്രതിപക്ഷ കൗൺസിൽ അംഗങ്ങളുടെ രൂക്ഷവിമർശനം. ലൈൻ വലിക്കാൻ കോർപറേഷൻ രണ്ടരക്കോടി അടച്ചിട്ട് ഒരുവർഷത്തിലേറെയായി. എന്നാൽ, ലൈൻ വലിക്കുന്നതിൽ കെ.എസ്.ഇ.ബി കാട്ടുന്ന അനാസ്ഥ കുറ്റകരമാണെന്ന് കൗൺസിലർമാർ ആരോപിച്ചു.
പോസ്റ്റുകൾ ഇല്ലെന്നും ലൈൻ വലിക്കാൻ മുകളിൽനിന്ന് നിർദേശമില്ലെന്നുമാണ് കെ.എസ്.ഇ.ബി ജീവനക്കാരെ ബന്ധപ്പെട്ടപ്പോൾ കൗൺസിലർമാർക്ക് ലഭിച്ച നിർദേശം. എന്നാൽ, വിഷയം നേരത്തെ വൈദ്യുതിമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് മേയർ ടി.ഒ. മോഹനൻ അറിയിച്ചു. മുഖ്യമന്ത്രിക്കടക്കം ഇതുസംബന്ധിച്ച് കത്ത് നൽകിയെങ്കിലും മറുപടി കിട്ടിയില്ല. ഒരുതവണകൂടി അതത് കെ.എസ്.ഇ.ബി സോണൽ അസി. എൻജിനീയർമാരുടെ യോഗം വിളിച്ച് വിഷയം ശ്രദ്ധയിൽപെടുത്തും. തുടർന്നും പരിഹാരമായില്ലെങ്കിൽ കൗൺസിലർമാർ ഒറ്റക്കെട്ടായി കെ.എസ്.ഇ.ബിക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും മേയർ യോഗത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.