കണ്ണൂർ: മഴക്കാലത്തിനൊപ്പം സ്കൂളുകളും തുറക്കാനായി. നഗരത്തിലെത്തുന്നവർക്ക് തിരക്കേറിയ റോഡ് മുറിച്ചുകടക്കാൻ സീബ്രലൈൻ ഭൂതക്കണ്ണാടിവെച്ചു നോക്കിയാലും കാണാത്ത സ്ഥിതിയാണ്. സ്കൂളുകൾക്ക് മുന്നിൽവരെ വര മാഞ്ഞുകിടക്കുന്നു. കാൽടെക്സ്, പഴയ ബസ് സ്റ്റാൻഡ്, മുനീശ്വരൻ കോവിൽ, റെയിൽവേ സ്റ്റേഷൻ, കണ്ണൂർ കോടതി, കലക്ടറേറ്റ്, താണ തുടങ്ങിയിവിടങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ സർക്കസ് കളിക്കണം.
അതീവ തിരക്കേറിയ പാതയിൽ ഏറെനേരം നിന്നുവേണം കാൽനട യാത്രക്കാർക്ക് അപ്പുറമെത്താൻ. സിവിൽ സ്റ്റേഷനിലടക്കം ഒട്ടേറെപേരെത്തുന്ന കാൽടെക്സിലും താവക്കരയിലും സീബ്രലൈൻ മാഞ്ഞനിലയിലാണ്. കവിത തിയറ്ററിന് സമീപം, ശ്രീചന്ദ് ആശുപത്രി, ജെ.എസ് പോൾ കോർണർ, പി.വി.എസിന് സമീപം, പയ്യാമ്പലം ബീച്ച് റോഡ്, ഉർസുലൈൻ സ്കൂൾ, ദേവത്താർകണ്ടി സ്കൂൾ, പയ്യാമ്പലം സ്കൂൾ, പാസ്പോർട്ട് ഓഫിസ് എന്നീ സ്ഥലങ്ങളിലും സീബ്രലൈൻ വരക്കേണ്ടതുണ്ട്. ജില്ലയിലെ മറ്റിടങ്ങളിലും സ്ഥിതി സമാനമാണ്.
ആശുപത്രികൾ, സ്കൂളുകൾ, കോളജുകൾ, സർക്കാർ ഓഫിസുകൾ, ആളുകളെത്തുന്ന വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയുടെ മുന്നിലും പ്രധാന ജങ്ഷനുകളിലും കറുപ്പും വെളുപ്പും ചേർന്ന സീബ്രാലൈൻ വേണമെന്നാണ് നിയമം. തിരക്കേറിയ റോഡിൽ ഏറെ കാത്തുനിന്നാണ് പ്രായമായവർക്ക് അടക്കം റോഡ് മുറിച്ചുകടക്കാനാവുന്നത്. റോഡിൽ സീബ്രാലൈനുകൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ നിർത്താതെ പോവുകയാണ്. നിലവാരം കുറഞ്ഞ പെയിന്റ് ഉപയോഗിക്കുന്നത് കാരണമാണ് പെട്ടെന്ന് മാഞ്ഞുപോകുന്നതെന്നും പരാതിയുണ്ട്.
സുരക്ഷിത യാത്രക്കായി നഗരത്തിൽ സീബ്രാലൈൻ ഇല്ലാത്തതിനാൽ വിഷയത്തിൽ മുനുഷ്യവകാശ കമീഷൻ ഇടപെട്ടിരുന്നു. കോർപറേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ സീബ്രലൈനുകൾ രേഖപ്പെടുത്താൻ 4.66 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചതായി കോർപറേഷൻ സെക്രട്ടറി അറിയിച്ചു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ മൂന്നുമാസത്തിനകം അറിയിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടിരുന്നു. സ്കൂളുകൾ തുറക്കുംമുമ്പ് നഗരത്തിലെ പ്രധാനയിടങ്ങളിലെല്ലാം സീബ്രാലൈൻ വരക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.