കാസർകോട്: ജില്ലയിൽ കോവിഡ് പ്രതിരോധത്തിന് ടാറ്റ ഗ്രൂപ് നിർമിച്ച് സർക്കാറിന് കൈമാറിയ പുതിയ ആശുപത്രിയിലേക്ക് 191 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. സൃഷ്ടിക്കുന്ന തസ്തികകളിൽ ഒരു വർഷത്തേക്ക് താൽക്കാലിക/ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അടിയന്തരമായി ജീവനക്കാരെ നിയമിക്കാനാണ് സർക്കാർ തീരുമാനം. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകൾ പ്രക്ഷോഭം തുടരുന്നതിനിടെയാണ് മന്ത്രിസഭ യോഗത്തിൽ തീരുമാനമെടുത്തത്.
60 കോടി രൂപ ചെലവിൽ ടാറ്റ ഗ്രൂപ് നിർമിച്ച കോവിഡ് ആശുപത്രി സെപ്റ്റംബർ ഒമ്പതിനാണ് സർക്കാറിന് കൈമാറിയത്. സെപ്റ്റംബര്‍ 24ന് ആരോഗ്യ വകുപ്പിലെ വിദഗ്ധര്‍ ആശുപത്രി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കി. ഇതിെൻറ അടിസ്ഥാനത്തിൽ സർക്കാർ, തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം 10,000 കടന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് നിയമനം നടത്തി ആശുപത്രി പ്രവർത്തനസജ്ജമാക്കണമെന്നാണ് ആരോഗ്യരംഗത്തുള്ളവരുടെ അഭിപ്രായം.
കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഇന്നുമുതൽ കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.വിദഗ്ധ ചികിത്സ കിട്ടാക്കനിയായ ജില്ലയിലെ ജനത്തിന് അൽപം ആശ്വാസമായിരുന്ന ജില്ല ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റിയതിനെതിരെ പ്രതിഷേധം പുകയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.