കാസർകോട്: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 44 ബൂത്തുകൾ നിർണായക (ക്രിറ്റിക്കൽ) പട്ടികയിൽ. 127 ആളുകളെ പ്രശ്നക്കാരായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 90 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തുകയും ഒരുപാർട്ടിക്ക് മാത്രം 75 ശതമാനത്തിലേറെ വോട്ട് ലഭിക്കുകയും റീ പോളിങ് നടത്തേണ്ടിവന്നതുമായ ബൂത്തുകളാണ് ഈ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പിൽ അനാവശ്യമായ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള വ്യക്തികളുള്ള 45 പ്രദേശങ്ങളും ജില്ലയിൽ ഉണ്ട്.
കുഴപ്പക്കാരായി കണ്ടെത്തിയ 127 പേരെ വിവിധ വകുപ്പുകൾ പ്രകാരം നല്ലനടപ്പിന് ശിക്ഷിക്കുമെന്ന് ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശ പ്രകാരമാണ് ഇവർക്കെതിരെ നടപടി.
പ്രചാരണത്തിന് അഞ്ചുവീതം മൈതാനങ്ങൾ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒാരോ നിയോജക മണ്ഡലത്തിലും അഞ്ച് പൊതുമൈതാനങ്ങൾ വീതം അനുവദിക്കും. പൊതുപരിപാടികൾ കോവിഡ് ചട്ടം പാലിച്ച് ഇൗ മൈതാനങ്ങളിൽ മാത്രമേ നടത്താൻ അനുവദിക്കു. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് മൈതാനം അനുവദിക്കുക. നോമിനേഷൻ സമർപ്പിക്കാൻ സ്ഥാനാർഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കു. തെർമൽ സ്കാനിങ് അടക്കം എല്ലാ കോവിഡ് സുരക്ഷ ക്രമീകരണങ്ങളും വരണാധികാരിയുടെ കാര്യാലയം ക്രമീകരിക്കും.
1,591 ബൂത്തുകൾ
ജില്ലയിൽ 983ബൂത്തുകളും 608 അനുബന്ധ ബൂത്തുകളും ഉൾപ്പെടെ ആകെ 1,591 ബൂത്തുകളാണുള്ളത്. ഒാരോ നിയോജക മണ്ഡലത്തിലും ഒാരോ കൗണ്ടിങ് സെൻററും വിതരണ കേന്ദ്രവും ഒരുക്കും. തെരഞ്ഞെടുപ്പിനായി 2119 വി.വി പാറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറെമ 70 നിയന്ത്രണ യൂനിറ്റുകളും 110 വി.വി പാറ്റുകളും കണ്ണൂരിൽ നിന്ന് കൊണ്ടുവരും.
കൺട്രോൾ റൂം തുറക്കും
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന ദിവസം തന്നെ കലക്ടറേറ്റിൽ കൺട്രോൾ റൂം തുറക്കും. 1950ൽ വിളിച്ച് കൺട്രോൾ റൂമുമായി ബന്ധപ്പെടാം. മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ വരണാധികാരികളുടെ കീഴിൽ പ്രത്യേകം കമ്പ്യൂട്ടർ അധിഷ്ഠിത കൺട്രോൾ റൂം തുറക്കും.
ഹരിതചട്ടം നിർബന്ധം
മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ പൊതുസ്ഥലങ്ങളിലെ എല്ലാ പരസ്യ ബോർഡുകളും നീക്കം ചെയ്യും. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹരിതചട്ടം നിർബന്ധമാക്കും. പ്രചാരണത്തിൽ ഫ്ലക്സ് ബോർഡ് അനുവദിക്കില്ല. കോട്ടൺ തുണികൾ മാത്രമേ അനുവദിക്കൂ.
അഞ്ച് വിതരണ, സ്വീകരണ കേന്ദ്രങ്ങൾ
ജില്ലയിൽ ഇത്തവണ അഞ്ച് മണ്ഡലങ്ങളിലായി അഞ്ച് വിതരണ,സ്വീകരണ കേന്ദ്രങ്ങൾ ഒരുക്കും. മഞ്ചേശ്വരം മണ്ഡലത്തിൽ കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂൾ, കാസർകോട്ട് ഗവ. കോളജ്, ഉദുമയിൽ പെരിയ പോളിടെക്നിക്, കാഞ്ഞങ്ങാട് നെഹ്റു കോളജ്, തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് എന്നിവയാണ് കേന്ദ്രങ്ങൾ.
വോെട്ടണ്ണൽ കേന്ദ്രം
ഒാരോ വോെട്ടണ്ണൽ കേന്ദ്രത്തിലും നാല് കൗണ്ടിങ് ഹാളുകൾ ഉണ്ടാകും. ഹാളുകളിൽ ഏഴ് വീതം ടേബിളുകൾ ക്രമീകരിക്കും. ഒരു റൗണ്ടിൽ 28 ടേബിളുകളിൽ വോെട്ടണ്ണാൻ കഴിയും. മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ സൈമൺ ഫെർണാണ്ടസ്, ജില്ല ഇൻഫർമേഷൻ ഒാഫിസർ എം. മധുസൂദനൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.