ഭെൽ ഡയറക്​ടർമാർ രാജിവെക്കും​; പകരം കേരള പ്രതിനിധികൾ അടഞ്ഞുകിടക്കുന്ന കമ്പനി തുറക്കുമെന്ന പ്രതീക്ഷ വർധിച്ചു

കാസർകോട്​: പൊതു​മേഖല സ്​ഥാപനമായ ഭെൽ ഇലക്​ട്രിക്കൽ മെഷീൻസ്​ ലിമിറ്റഡി​െൻറ ഡയറക്​ടർ ബോർഡിൽനിന്ന്​ ഭെൽ പ്രതിനിധികൾ രാജിവെക്കും. ഒഴിവുവരുന്ന ഡയറക്​ടർ തസ്​തികകളിലേക്ക്​ കേരളത്തിൽനിന്നുള്ള പ്രതിനിധികളെ നിയമിക്കും. ഭെൽ ഓഹരി ഏറ്റെടുക്കാമെന്ന കേരള സർക്കാറി​െൻറ നിർദേശം കേന്ദ്ര വ്യവസായ മന്ത്രാലയം അംഗീകരിച്ചശേഷം ഭെൽ അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്​. ഇതോടെ, ഒരുവർഷത്തിലധിമായി അടഞ്ഞുകിടക്കുന്ന ​കമ്പനിയുടെ കാര്യത്തിൽ പ്രതീക്ഷ വർധിച്ചു.

ഭാരത്​ ഹെവി ഇലക്​ട്രിക്കൽസ്​ ലിമിറ്റഡി​െൻറ (ഭെൽ) 51ശതമാനം ഒാഹരികളാണ്​ കമ്പനിയിലുള്ളത്​. ഒരു രൂപ നിരക്കിൽ ഭെൽ ഒാഹരി കേരളത്തിന്​ കൈമാറാനുള്ള നിർദേശവും അംഗീകരിച്ചു. നേരത്തേ തയാറാക്കിയ കരാർ കഴിഞ്ഞദിവസമാണ്​ കേന്ദ്ര വ്യവസായ മന്ത്രാലയം അംഗീകരിച്ചത്​. ഏഴംഗ ഡയറക്​ടർ ബോർഡിലെ ആറു പേരാണ്​ ഭെൽ പ്രതിനിധികൾ. സംസ്​ഥാന വ്യവസായ വകുപ്പ്​ അഡീഷനൽ സെക്രട്ടറി മാത്രമാണ്​ കേരളത്തിൽനിന്നുള്ളത്​. ഭെല്ലി​െൻറ ആറുപേരും രാജിവെക്കാനും പകരം ആറുപേരെ നിശ്ചയിച്ച്​ സംസ്​ഥാനം കത്ത്​ നൽകാനും നിർദേശമുണ്ട്​​.

കേ​ന്ദ്ര വ്യവസായ വകുപ്പ്​ അംഗീകരിച്ച ഒാഹരി കൈമാറ്റ കരാർ ഇനി സംസ്​ഥാനം അംഗീകരിച്ച്​ ഒപ്പിട്ട ശേഷം ഭെല്ലിന് തിരികെ നൽകണം. ശേഷം ഭെൽ-ഇ.എം.എൽ കമ്പനി ഡയറക്​ടർ ബോർഡ്​ യോഗം ചേർന്ന്​ കരാറിന്​ അന്തിമാനുമതി നൽകും. ഇൗ രണ്ട്​ പ്രക്രിയ കൂടി പൂർത്തീകരിച്ചാൽ ഭെൽ-ഇ.എം.എൽ കമ്പനി ഫലത്തിൽ പഴയ കെൽ യൂനിറ്റായി മാറും. മൊഗ്രാൽപുത്തൂർ ബദ്രഡുക്കയിലെ കെൽ യൂനിറ്റി​ന്​ പത്തരകോടി വില നിശ്ചയിച്ചാണ്​ 51ശതമാനം ഒാഹരി ഭെല്ലിന്​ കൈമാറിയത്​. എളമരം കരീം എം.പി വ്യവസായ മന്ത്രിയായിരിക്കെ 2009 ഫെബ്രുവരി മൂന്നിനാണ്​ എം.ഒ.യു ഒപ്പിട്ടത്​.

2011 മാർച്ച്​ 28ന്​ ഭെൽ- ഇ.എം.എൽ കമ്പനി പ്രാബല്യത്തിൽ വന്നു. എന്നാൽ, അധികം താമസിയാതെ കരാറിൽനിന്ന്​ പിന്മാറാനും ഷെയറുകൾ തിരിച്ചു കേരത്തിന്​ നൽകാനും ഭെൽ തീരുമാനിച്ചു.

2017 ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം 51ശതമാനം ഒാഹരിയും തിരിച്ചുവാങ്ങാൻ തീരുമാനിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല. കമ്പനിയിൽ ശമ്പളം മുടങ്ങുകയും ഒരുവർഷമായി അടച്ചിടുകയും ചെയ്​തു. ജീവനക്കാർ കാസർകോട്​ ഒപ്പുമരച്ചുവട്ടിൽ നൂറുദിവസത്തിലധികമായി സത്യഗ്രഹത്തിലാണ്​. കടുത്ത സമ്മർദങ്ങൾക്കും സമരങ്ങൾക്കും നിയമയുദ്ധങ്ങൾക്കും ഒടുവിലാണ്​ കേന്ദ്ര വ്യവസായ വകുപ്പ്​ ഭെൽ ഒാഹരി തിരിച്ചുനൽകാൻ തീരുമാനിച്ചത്​.

സന്തോഷമുള്ള വാർത്ത –എളമരം കരീം

കാസർകോട്​: ഭെല്ലി​െൻറ ഒാഹരി ഏറ്റെടുക്കാമെന്ന കേരള സർക്കാറിെൻറ നിർദേശം കേന്ദ്ര വ്യവസായ മന്ത്രാലയം അംഗീകരിച്ചത്​ ഏറെ സന്തോഷമുള്ള കാര്യമാണെന്ന്​ എളമരം കരീം എം.പി. പാർലമെൻറ്​ അംഗം എന്ന നിലയിലുള്ളപ്രവർത്തനത്തിനും കേരള സർക്കാറിെൻറ സമ്മർദത്തി​െൻയും ഫലമായാണ്​ ഭെല്ലി​െൻറ നടപടി.

കേരള സർക്കാറി​െൻറ പൊതുമേഖലയെ സംരക്ഷിക്കാനുള്ള ഇച്ഛാശക്തിയോടെയുള്ള സമീപനവും രാഷ്​ട്രീയ സമ്മർദവുമാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്.

കേന്ദ്രസർക്കാർ കഴിഞ്ഞ നാലുവർഷമായി ഈ തീരുമാനം നീട്ടിക്കൊണ്ടുപോയി സ്ഥാപനത്തെയും തൊഴിലാളികളെയും ബുദ്ധിമുട്ടിക്കുകയായിരുന്നു. ഈ വിഷയത്തിൽ അസംഖ്യം കത്തുകളാണ് ബന്ധപ്പെട്ടവർക്ക് നൽകിയത്.

പ്രധാനമന്ത്രിക്കും, കേന്ദ്ര ഖന വ്യവസായ മന്ത്രിക്കും, വകുപ്പ് സെക്രട്ടറിക്കും നിരന്തരം കത്തുകൾ അയക്കുകയും പാർലമെൻറിൽ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്​തതായും അദ്ദേഹം ഫേസ്​ബുക്​​ പോസ്​റ്റിൽ വിശദീകരിച്ചു. 

Tags:    
News Summary - BHEL directors will resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.