കാസർകോട്: ഒരു ന്യൂറോളജിസ്റ്റിനെ തരുമോ? ലാഭക്കൊതിയന്മാരുടെ വിഷമഴ നനഞ്ഞ് ദുരിതത്തിലായ എൻഡോസൾഫാൻ ദുരിതബാധിതരുടേതാണ് ചോദ്യം. ലഭിക്കാത്ത ആനുകൂല്യങ്ങളും വാഗ്ദാനങ്ങളും നിരവധിയാണെങ്കിലും അതൊന്നുമല്ല ഈ കോവിഡ് കാലത്ത് ഇവരെ അലട്ടുന്നത്.
മംഗളൂരു, പരിയാരം ഗവ. മെഡിക്കൽ കോളജ് ഉൾപ്പെടെ വിദഗ്ധ ചികിത്സ കോവിഡ് പശ്ചാത്തലത്തിൽ അപ്രാപ്യമായ സാഹചര്യത്തിൽ സർക്കാർ തങ്ങളുടെ സങ്കടം കേൾക്കണമെന്നാണ് എൻഡോസൾഫാൻ ഇരകളുടെ ആവശ്യം. നേരത്തേ തീരുമാനിച്ചതാണെന്നും ഉടൻ നിയമിക്കുമെന്നും അധികൃതർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും തസ്തിക പോലും സൃഷ്ടിച്ചിട്ടില്ലെന്ന് ഈയടുത്താണറിഞ്ഞതെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കുറ്റപ്പെടുത്തി. അപസ്മാരവും മറ്റുമുൾപ്പെടെ ന്യൂറോ വിഭാഗവുമായി ബന്ധപ്പെട്ടാണ് ഇരകളിലധികം പേർക്കും ചികിത്സ വേണ്ടത്.
ജില്ല, താലൂക്ക് ആശുപത്രികളിൽ ഈ വിഭാഗങ്ങൾക്ക് വേണ്ടത്ര സൗകര്യമില്ല. കുട്ടികളാണ് ഏറെയും ചികിത്സ തേടുന്നവർ. ചികിത്സ ലഭിക്കാതെ മരണനിരക്ക് വർധിക്കുന്നതിന് സാക്ഷിയാകേണ്ടിവരുമോ എന്ന ആശങ്കയിലാണ് അത്യുത്തരദേശം.2016ൽ ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലം മുതലാണ് ന്യൂറോളജിസ്റ്റിനെ നിയമിക്കുമെന്ന് വാഗ്ദാനം നൽകിത്തുടങ്ങിയത്. പൂടംകല്ല് ആശുപത്രിയിൽ രണ്ടുപേരെ നിയമിച്ചത് എൻഡോസൾഫാർ സെൽ യോഗത്തിൽ ഈയടുത്ത് പരാമർശിച്ചപ്പോഴാണ് തസ്തികയില്ലെന്ന വിവരമറിയുന്നത്.
പീഡിയാട്രീഷ്യൻ, ഫിസിഷ്യൻ എന്നീ തസ്തികകളിലാണ് ഇരുവരെയും നിയമിച്ചത്. എന്നാൽ, ഡെപ്യൂട്ടേഷനിൽ രണ്ടുപേരും ന്യൂറോളജിസ്റ്റായി മറ്റിടങ്ങളിലേക്ക് പോയി. പിന്നീട്, പോയവരെ തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് തസ്തികതന്നെ ഇല്ലെന്ന വിവരമറിയുന്നതെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ജനറൽ സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണൻ 'മാധ്യമ'ത്തോടു പറഞ്ഞു.
കോവിഡ് സമയത്ത് ആരോഗ്യ വകുപ്പ് നിരവധി പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത് കഴിഞ്ഞ മാസങ്ങളിൽ കേരളം കണ്ടതാണ്. അതിനൊപ്പം ജില്ലക്ക് ഒരു ന്യൂറോളജിസ്റ്റിനുള്ള തസ്തിക കൂടി സൃഷ്ടിക്കണമെന്നാണ് എൻഡോസൾഫാൻ ഇരകളുടെയും കുടുംബങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും ആവശ്യം.
ഒപ്പുമരച്ചോട്ടിൽ ഇന്ന് സത്യഗ്രഹം
കാസർകോട്: മുഖ്യമന്ത്രി ദുരിതബാധിതരുടെ സങ്കടങ്ങൾ കേൾക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ 10ന് കാസർകോട് പുതിയ ബസ്സ്റ്റാൻഡിനടുത്ത് ഒപ്പുമരച്ചോട്ടിൽ പ്രതിഷേധ പരിപാടി നടത്തും.
പരിസ്ഥിതി പ്രവർത്തകൻ പ്രഫ. വി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാൻഡ് പരിസരത്തും പ്രതിഷേധം അരങ്ങേറും. എഴുത്തുകാരൻ രാവിലെ 10ന് ഡോ. അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.